Friday, 9 September 2016

രാഹുല്‍ അയോധ്യയിലെത്തി; 1992നുശേഷം അയോധ്യയിലെത്തിയ ആദ്യ ഗാന്ധി കുടുംബാംഗം



ന്യൂഡല്‍ഹി• കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അയോധ്യയിലെത്തി. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കിസാന്‍ യാത്രയുടെ ഭാഗമായാണ് അദ്ദേഹമിന്ന് അയോധ്യയിലെത്തിയത്. ബാബറി മസ്ജിദ് തകര്‍പ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തില്‍ രാഹുല്‍ സന്ദര്‍ശനം നടത്തി.

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ച 1992ലെ ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം അയോധ്യ സന്ദര്‍ശിക്കുന്ന ആദ്യ നെഹ്റു-ഗാന്ധി കുടുംബാംഗമാണ് രാഹുല്‍. അതിനുശേഷം ഇവിടെയെത്തുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാഹുലാണ്.

രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയാണ് അവസാനമായി അയോധ്യ സന്ദര്‍ശിച്ച നെഹ്റു-ഗാന്ധി കുടുംബാംഗം.
1990ലായിരുന്നു ഇത്. അയോധ്യയില്‍ എത്തിയില്ലെങ്കിലും പിന്നീട് സമീപപ്രദേശങ്ങള്‍ സന്ദര്‍ശിച്ച നെഹ്റു-ഗാന്ധി കുടുംബാംഗങ്ങള്‍ വേറെയുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അയോധ്യയ്ക്കടുത്തുള്ള ഫൈസാബാദില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ബിജെപി പാളയത്തിലുള്ള നെഹ്റു-ഗാന്ധി കുടുംബാംഗമായ വരുണ്‍ ഗാന്ധി, അയോധ്യയ്ക്ക് അടുത്തുള്ള സുല്‍ത്താന്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധിയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി വരുണ്‍ പലതവണ അയോധ്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും എല്ലാം അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു.

No comments:

Post a Comment