Friday, 16 September 2016

ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് വീണ്ടും പണി കിട്ടി... കാലില്‍ 30 തുന്നലുകള്‍!


സിഡ്നി: ഓസ്ട്രേലിയയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് വീണ്ടും പരിക്ക്. പരിശീലനത്തിനിടെ പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കാലില്‍ കുറഞ്ഞത് 30 തുന്നലുകളെങ്കിലും വേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയന്‍ ടീമിനൊപ്പം ചേര്‍ന്നതായിരുന്നു 26കാരനായ മിച്ചല്‍ സ്റ്റാര്‍ക്ക്. സ്റ്റാര്‍ക്കിന് വ്യാഴാഴ്ചയാണ് പരിശീലനത്തിനിടെ പരിക്കേറ്റത് എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

ദക്ഷിണാഫ്രിക്കയുമായി ഈ മാസം തുടങ്ങാനിരിക്കുന്ന പരമ്ബര കളിക്കാനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിന്നും മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒഴിവാക്കിയിട്ടുണ്ട്.
സ്റ്റാര്‍ക്കിന്റെ കാലില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം തുന്നിലിട്ടിരിക്കുകയാണ് ഇപ്പോള്‍. എല്ലുകള്‍ക്ക് ഒടിവില്ല. മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജോണ്‍ ഓര്‍ച്ചാര്‍ഡ് പറഞ്ഞു.

പരിശീലനത്തിനിടെ ഒരു പന്ത് ഫീല്‍ഡ് ചെയ്യാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍ക്കിന്റെ കാലില്‍ മുറിവുണ്ടായത്. അടുത്തിടെ സമാപിച്ച ശ്രീലങ്കന്‍ പര്യടനത്തില്‍ ഓസ്ട്രേലിയന്‍ ബൗളിംഗിന്റെ കുന്തമുനയായിരുന്നു ഇടങ്കയ്യനായ സ്റ്റാര്‍ക്ക്. 11 കളികളിലായി പര്യടനത്തില്‍ 44 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് വാരിക്കൂട്ടിയത്. വെറും 52 കളികളില്‍ 100 ഏകദിന വിക്കറ്റുകള്‍ തികച്ച സ്റ്റാര്‍ക്കിന്റെ പേരിലാണ് ഇക്കാര്യത്തിലെ ലോക റെക്കോര്‍ഡ്.

No comments:

Post a Comment