ശബരിമലയിലെ ട്രാക്റ്റര്‍ സമരം ഒത്തുതീര്‍ന്നു
പത്തനംതിട്ട• ശബരിമലയിലെ ട്രാക്റ്റര്‍ സമരം ഒത്തുതീര്‍ന്നു. ഇന്ന് കലക്ടര്‍ ആര്‍.ഗിരിജയുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ട്രാക്റ്ററിലെ തൊഴിലാളികള്‍ക്ക് രണ്ടു പേര്‍ക്ക് കൂടി 275 രൂപ കൂലി നല്‍കാം എന്ന ധാരണയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. രണ്ടു പേര്‍ക്കു കൂടി 300 രുപയായിരുന്നു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. 250 രൂപ നല്‍കാമെന്നായിരുന്നു കരാറുകാര്‍ പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നായിരുന്നു സമരം.
ഇന്ന് ആദ്യം യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ 280 രൂപ വേണമെന്നാണ് ഇവര്‍ ആവശ്യം ഉന്നയിച്ചത്. പിന്നീട് കരാറുകാരുമായിട്ടായിരുന്നു ചര്‍ച്ച. 270 രൂപ നല്‍കാമെന്നായി കരാറുകാര്‍. തുടര്‍ന്ന് ഇരുകൂട്ടരെയും ഒന്നിച്ചിരുത്തി ചര്‍ച്ച ചെയ്ത്, 275 രൂപ എന്നതില്‍ ധാരണയായി.
പുതുക്കിയ നിരക്ക് കഴിഞ്ഞ മാസം ആറു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും. 2017 ജനുവരി 20 വരെ ഈ കൂലി ആയിരിക്കും. അതിനിടയില്‍ കൂലി കൂട്ടി ചോദിക്കരുത് എന്നാണ് വ്യവസ്ഥ. 21 ഇന പൂജാ സാധനങ്ങളുടെ കയറ്റിറക്കിന് തൊഴിലാളികള്‍ക്ക് അവകാശമില്ല. വഴിപാടിന് ആവശ്യമായ ശര്‍കര, അരി എന്നിവയിലും തൊഴിലാളികള്‍ അവകാശമുന്നയിക്കില്ല. ഡോളി സര്‍വീസിലും ഇടപെടില്ല.

No comments:
Post a Comment