Friday, 16 September 2016

താഷി- ഇന്ത്യയില്‍നിന്ന് ഭൂട്ടാനിലേക്ക് ഒരു സല്യൂട്ട്



ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശവനിതയാണ് താഷി

ഇത് താഷി യാങ്സോം. ഇന്ത്യന്‍ സേനയുടെ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശവനിത. വിദേശവനിത എന്നു പറയുമ്ബോള്‍ അത്ര ദൂരത്തുനിന്നല്ല താഷിയുടെ വരവ്. നമ്മുടെ തൊട്ട് അയല്‍പ്പക്കമായ ഭൂട്ടാനിലെ ഒറോങ് സ്വദേശിയാണ് താഷി. ഇന്ത്യയിലെ മറ്റിടങ്ങളില്‍നിന്നുള്ള 32 വനിതാകേഡറ്റുകള്‍ക്കൊപ്പമായിരുന്നു 27 കാരിയായ താഷിയുടെ പരിശീലനം.

''ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് പരിശീലനം നേടാന്‍ അവസരം ലഭിക്കുന്ന ഭൂട്ടാന്‍ സേനയില്‍നിന്നുള്ള ആദ്യ വനിതയാണ് ഞാന്‍.
ഏറെ അഭിമാനമുണ്ട് അതില്‍. പരിശീലനക്രമവുമായി ഒത്തുപോകാന്‍ ആദ്യമൊക്കെ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. പിന്നീട് എല്ലാം ശരിയായി- താഷി പറയുന്നു.


മാസങ്ങള്‍ക്കു മുമ്ബ് പരിശീലനത്തിനായി ഇവിടെ വരുമ്ബോള്‍ എങ്ങനെയാണ് ഒരു സൈക്കിള്‍ ഓടിക്കുന്നതെന്നു പോലും എനിക്കറിയില്ലായിരുന്നു. ഇവിടുത്തെ സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത്. ബാക്കിയെല്ലാം എനിക്ക് സഹിക്കാന്‍ പറ്റും ചെന്നൈയിലെ ചൂട് ഒഴികെ- ചെറുചിരിയോടെ താഷി കൂട്ടിച്ചേര്‍ക്കുന്നു. ലഭിച്ച അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് താഷിയുടെ ആഗ്രഹം.

റോയല്‍ ഭൂട്ടാന്‍ ആര്‍മിയിലെ ആംഡ് ഫോഴ്സസ് കോര്‍ട്ട് ഓഫ് ജസ്റ്റിസിനലാണ് താഷി സൈനിക സേവനം ആരംഭിക്കുക. വനിതകള്‍ക്കു പരിശീലനം നല്‍കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ഏക പരിശീലന കേന്ദ്രമാണ് ചെന്നൈയിലേത്. മൊത്തം 270 കേഡറ്റുകളാണ് സെപ്തംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തെത്തിയിട്ടുള്ളത്. ഇതില്‍ 19 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്.

No comments:

Post a Comment