മദ്യഷോപ്പുകള്‍ പൂട്ടണോ, നിലനിര്‍ത്തണോ; ചര്‍ച്ച പൊടിപൊടിക്കുന്നു
തിരുവനന്തപുരം• ബവ്റിജസ് കോര്‍പറേഷന്റെ (ബെവ്കോ) മദ്യഷോപ്പുകളില്‍ പത്തുശതമാനം അടച്ചുപൂട്ടണോ നിലനിര്‍ത്തണോ എന്ന വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലും മുന്നണിയിലും ചര്‍ച്ചകള്‍ ആരംഭിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് ഒക്ടോബര്‍ രണ്ടിനു ബവ്റിജസ് ഔട്ട്ലറ്റുകളില്‍ പത്തു ശതമാനം പൂട്ടേണ്ടതുണ്ട്. നയപരമായ തീരുമാനമെടുക്കാന്‍ 17 ദിവസമാണ് ശേഷിക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ നയം അതേപടി തുടരേണ്ടതില്ലെന്നാണു മുന്നണിയിലെ പൊതുവികാരം. ബവ്റിജസ് ഔട്ട്ലറ്റുകള്‍ പൂട്ടിയിട്ടും മദ്യഉപയോഗം കുറയാത്ത സാഹചര്യത്തില്‍ നിലവിലെ നയംകൊണ്ട് എന്തു പ്രയോജനമാണുള്ളതെന്ന ചോദ്യവും മുന്നണിയില്‍ ഉയരുന്നുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലെ ഔട്ട്ലറ്റുകള്‍ കാരണം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടു കണക്കിലെടുത്ത് ഇത്തരത്തിലുള്ള ഔട്ട്ലറ്റുകള്‍ മാറ്റിസ്ഥാപിക്കാനും ചിലതിനു താഴിടാനും ആലോചിക്കുന്നുണ്ട്.
ദേശീയപാതയ്ക്കരികില്‍ 67 ഔട്ട്ലറ്റും (ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ്), സംസ്ഥാനപാതയ്ക്കരികില്‍ 69 ഔട്ട്ലറ്റുമാണുള്ളത്.
ഔട്ട്ലറ്റുകള്‍ അടച്ചുപൂട്ടേണ്ടതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്നും നയപരമായ കാര്യമായതിനാല്‍ അക്കാര്യങ്ങളില്‍ എല്‍ഡിഎഫാണു തീരുമാനമെടുക്കേണ്ടതെന്നും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
പുതിയ ഔട്ട്ലറ്റുകള്‍ തുറക്കേണ്ടെന്നും ഉള്ളതു പൂട്ടേണ്ടെന്നുമാണു നിലവിലെ തീരുമാനം. അടുത്ത വര്‍ഷത്തെ മദ്യനയത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം - മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ നയമനുസരിച്ചു 2014ലാണു ഗാന്ധിജയന്തിദിനത്തില്‍ പത്തുശതമാനം ഔട്ട്ലറ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ആ വര്‍ഷം 39 ഔട്ട്ലറ്റുകള്‍ അടച്ചു. ബവ്റിജസ് കോര്‍പ്പറേഷന്റെ 338 ഔട്ട്ലറ്റില്‍ 34 എണ്ണവും കണ്‍സ്യൂമര്‍ഫെഡിന്റെ 46ല്‍ അഞ്ചെണ്ണവുമാണ് പൂട്ടിയത്. 2015ല്‍ 26 ഷോപ്പുകള്‍ അടച്ചുപൂട്ടി. ദേശീയപാതയ്ക്കരികിലുള്ള ചില ഷോപ്പുകളും പൂട്ടി. 270 ഷോപ്പുകളാണ് ഇപ്പോള്‍ ബവ്റിജസ് കോര്‍പ്പറേഷനുള്ളത്. ഓരോ ഔട്ട്ലറ്റിലുമുള്ളത് ഏഴു ജീവനക്കാര്‍. 36 മദ്യഷോപ്പുകളും മൂന്നു ബിയര്‍ പാര്‍ലറുകളുമാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്.
ഔട്ട്ലറ്റുകള്‍ പൂട്ടിയിട്ടും വില്‍പ്പനയില്‍ കുറവില്ലെന്നാണു സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. തിരുവോണംവരെയുള്ള എട്ടുദിവസം കൊണ്ട് വിറ്റത് 448.41 കോടിയുടെ മദ്യമാണ്. തിരുവോണദിനത്തില്‍ മാത്രം 38.86 കോടിയുടെ മദ്യംവിറ്റു. സെപ്റ്റംബര്‍ മാസം 14 വരെ വിറ്റത് 571 കോടിയുടെ മദ്യമാണ്.
No comments:
Post a Comment