Monday, 12 September 2016

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിത് ശര്‍മയ്ക്ക് വീണ്ടും അവസരം!



മുംബൈ: ബാറ്റിംഗിലെ ശക്തിദുര്‍ഗങ്ങളായ വിരാട് കോലി ക്യാപ്റ്റനായും അജിന്‍ക്യ രഹാനെ വൈസ് ക്യാപ്റ്റനായും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. സെപ്തംബര്‍ 22 മുതല്‍ 3 ടെസ്റ്റുകളാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ കളിക്കുക. മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച്‌ നടന്ന ടീം സെലക്ഷന്‍ മീറ്റിങ്ങിനൊടുവിലാണ് ബി സി സി ഐ ടീമിനെ പ്രഖ്യാപിച്ചത്.

മുന്‍ ക്യാപ്റ്റന്‍ സന്ദീപ് പാട്ടീല്‍ തലവനായ സെലക്ഷന്‍ കമ്മിറ്റിക്കൊപ്പം ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച്‌ അനില്‍ കുംബ്ലെ എന്നിവരും ടീം സെലക്ഷനില്‍ പങ്കെടുത്തു.
ടീം സെലക്ഷനില്‍ അത്ഭുതങ്ങള്‍ ഒന്നും ഇല്ല. അപ്രതീക്ഷിതമായ ഉള്‍പ്പെടുത്തലുകളും ഒഴിവാക്കലുകളും ഇല്ല. വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് പരമ്ബര കളിച്ച ടീമിനെ അതേപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. മധ്യനിര ബാറ്റ്സ്മാന്‍ രോഹിത് ശര്‍മയും ടീമിലെ സ്ഥാനം നിലനിര്‍ത്തി.

കെയ്ന്‍ വില്യംസനാണ് ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റന്‍. സ്പിന്നിനെ അനുകൂലിക്കുന്ന ഇന്ത്യന്‍ പിച്ചിലേക്ക് മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് കീവിസ് എത്തുന്നത്. അതേസമയം ടെസ്റ്റ് പരമ്ബര തൂത്തുവാരി ഐ സി സി റാങ്കിംഗില്‍ ഒന്നാമതെത്താനാണ് ഇന്ത്യയുടെ ശ്രമം. നിലവില്‍ 111 പോയിന്റുമായി പാകിസ്താനാണ് ലോക റാങ്കിംഗില്‍ ഒന്നാമത്. ഒരു പോയിന്റ് മാത്രം പിന്നിലാണ് ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്ബര ഇന്ത്യ 2- 0 ന് ജയിച്ചിരുന്നു.

No comments:

Post a Comment