Friday, 16 September 2016

പിണറായിയുടെയും മന്ത്രിമാരുടെയും പ്രതിമാസ യോഗം സക്സസ്ഫുള്‍; ഹൗസ്ഫുള്‍, ഊഴം കാത്ത് മന്ത്രിമാര്‍

തിരുവനന്തപുരം: എല്ലാ മാസവും ഒരു ദിവസം മന്ത്രിമാരെല്ലാവരും ഒരു മന്ത്രിയുടെ വീട്ടില്‍ നടത്തുന്ന കൂടിച്ചേരല്‍ ഉണ്ടാക്കുന്നത് ഗംഭീര പ്രതികരണം. മുമ്ബില്ലാത്ത വിധം മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ നല്ല വ്യക്തിബന്ധവും മന്ത്രിമാര്‍ തമ്മില്‍ അകല്‍ച്ചയില്ലായ്മയും ഉണ്ടാക്കാന്‍ സാധിച്ചു എന്നാണ് സര്‍ക്കാരിനു നാലു മാസമാകുമ്ബോഴേക്കും സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും വിലയിരുത്തല്‍.


ഈ ആശയം ആദ്യം മുന്നോട്ടുവച്ച മുഖ്യമന്ത്രി പിണറായി വിജയനുതന്നെയാണ് ഏറ്റവും സന്തോഷവും അഭിമാനവും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസാണ് ആദ്യം കൂടിച്ചേരലിനു വേദിയായത്. എല്ലാവരും കുശലം പറഞ്ഞും ഒന്നിച്ചു ഭക്ഷണം കഴിച്ചും മാത്രമല്ല ആ കൂടിച്ചേരല്‍ വിജയകരമാക്കിയത്.
മറിച്ച്‌, ഓരോ വകുപ്പുകളെയും കുറിച്ച്‌ തങ്ങള്‍ക്കുള്ള വിലയിരുത്തല്‍ വിശദീകരിക്കാനും മറ്റുള്ളവരുടെ അഭിപ്രായവും വിലയിരുത്തലും മനസിലാക്കാനും സാധിച്ചതായി മുന്നണിയിലെ പ്രമുഖ രണ്ടാം കക്ഷിയുടെ യുവ മന്ത്രി കെവാര്‍ത്തയോടു പറഞ്ഞു.

മുഖ്യമന്ത്രിയും ഓരോ വകുപ്പിന്റെയും ഗുണവും കുറവും പറയാനും തിരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും തയ്യാറായി. മികവുകളെ അദ്ദേഹം തുറന്നഭിനന്ദിക്കുകയും ചെയ്തു. പോരായ്മകള്‍ ചൂണ്ടിക്കാണിച്ചത് വിമര്‍ശനമായോ കുറ്റം പറച്ചിലായോ അല്ല ആര്‍ക്കും അനുഭവപ്പെട്ടത് എന്നതാണു പ്രധാനം. അതേസമയം ഓരോ വകുപ്പും മന്ത്രിയുടെയോ ഘടക കക്ഷിയുടെയോ കുത്തകയോ സാമ്രാജ്യമോ ആക്കാന്‍ അനുവദിക്കില്ല എന്ന സന്ദേശം സൗമ്യമായി നല്‍കാനും മുഖ്യമന്ത്രിക്ക് സാധിച്ചു. ഇപ്പോള്‍ ഓരോ മന്ത്രിയും തങ്ങളുടെ ഊഴം കാത്തിരുന്ന് സഹപ്രവര്‍ത്തകര്‍ക്ക് ആതിഥ്യം നല്‍കുന്നവിധം അടുപ്പം വളര്‍ന്നു.

മുമ്ബ് എ കെ ആന്റണി മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പ്രതിമാസ യോഗം വിളിച്ചിരുന്നു. വി എസ് സര്‍ക്കാരിന്റെ കാലത്ത് അത്തരമൊരു നീക്കം നടന്നെങ്കിലും സി പി എമ്മിലെ ഔദ്യോഗിക പക്ഷ മന്ത്രിമാരില്‍ ചിലര്‍ അത്തരമൊരു യോഗത്തോടു സഹകരിക്കാന്‍ വിസമ്മതിച്ചു. ധനമന്ത്രാലയത്തിന്റെ യോഗമാണ് വി എസ് ആദ്യം വിളിക്കാന്‍ തീരുമാനിച്ചത്. അതിനോട് ഡോ. തോമസ് ഐസക് സഹകരിച്ചില്ലെന്നും യോഗം നടന്നില്ലെന്നും വി ആര്‍ എസ് എടുത്ത മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ സുരേഷ് കുമാര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അക്കാലത്ത് വി എസിന്റെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്നു സുരേഷ് കുമാര്‍.

വിവാദങ്ങളില്ലാതെയും മന്ത്രിമാരെ വിശ്വാസത്തിലെടുത്തും വേണം പ്രതിമാസ യോഗം എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പിണറായി വിജയന്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി മന്ത്രിമാരുടെ മാത്രം കൂടിച്ചേരലാക്കിയത്. അത് വന്‍ വിജയമായി എന്നാണ് കാണിക്കുന്നത്. അതേസമയം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ കൂടിച്ചേരലിന്റെ ഭാഗമായ ഭക്ഷണത്തിലും മറ്റും പങ്കെടുക്കുന്നുണ്ട്. പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ തമ്മില്‍ ബന്ധം ഉണ്ടാകാനും അടുപ്പമുണ്ടാകാനും ഇത് ഇടയാക്കിയിട്ടുണ്ടത്രേ. എന്നാല്‍ ഈ അടുപ്പംവച്ച്‌ ഒരു മന്ത്രിയുടെ സ്റ്റാഫംഗം മറ്റു മന്ത്രിമാരുടെ സ്റ്റാഫിനോട് ശുപാര്‍ശകള്‍ നടത്തുന്നത് മുഖ്യമന്ത്രി തന്നെ വിലക്കിയിട്ടുമുണ്ട്. മന്ത്രിമാരുടെ പ്രതിമാസ കൂട്ടായ്മ വിളിച്ച്‌ ഭരണം വിലയിരുത്താന്‍ മുഖ്യമന്ത്രി ആലോചിക്കുന്നു എന്ന വാര്‍ത്ത കെവാര്‍ത്തയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

No comments:

Post a Comment