ഓണസമ്മാനമായി വീട്; സുനിതയുടെയും മക്കളുടെയും സ്വപ്നം യാഥാർഥ്യത്തിലേക്ക്
വിഴിഞ്ഞം∙ രണ്ടു കുട്ടികളുമായി, കിടപ്പാടം പോലുമില്ലാതെ ജീവിതം വഴിമുട്ടിയ സുനിതയുടെയും മക്കളുടെയും വീടെന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. മഴയിൽ തകർന്നു നിലംപൊത്തിയ ഇവരുടെ വീടിരുന്ന സ്ഥാനത്ത് തോന്നയ്ക്കൽ സായിഗ്രാമം നിർമിച്ചുനൽകുന്ന വീട് ‘സായിപ്രസാദം’ ഓണസമ്മാനമെന്നോണം 18ന് ഈ കുടുംബത്തിനു സ്വന്തമാകും. സായിഗ്രാമത്തിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ ജയസൂര്യ ഒരു ലക്ഷം രൂപയ്ക്കുള്ള ടിവി, ഫർണിച്ചർ അടക്കമുള്ള വീട്ടുപകരണങ്ങൾ വാങ്ങിനൽകും.
നിർധന കുടുംബത്തിന്റെ ഭവന സ്വപ്നം യാഥാർഥ്യമാകുന്നതിനു നിദാനമായത് മലയാള മനോരമ വാർത്തയാണ്. പറഞ്ഞതു പോലെ കേവലം 30 ദിവസങ്ങൾക്കുള്ളിലാണ് അഞ്ചു ലക്ഷം രൂപ ചെലവിൽ 500 ചതുരശ്ര അടി വിസ്തീർണമുള്ള ടെറസ് വീട് സുനിതയ്ക്കും കുട്ടികൾക്കുമായി നിർമിച്ചുനൽകുന്നത്.
18നു രാവിലെ 11നു നടക്കുന്ന വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ, നടൻ ജയസൂര്യ എന്നിവർ ചേർന്നു വീടിന്റെ താക്കോൽ കൈമാറും. തുടർന്ന്, ചടങ്ങിനെത്തിയവർക്കെല്ലാം സദ്യ നൽകും.
അവസാനവട്ട മിനുക്കുപണികൾ നടന്നുവരുന്ന വീട് കഴിഞ്ഞദിവസം ആനന്ദകുമാർ അടക്കമുള്ളവർ സന്ദർശിച്ചു. സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സായിപ്രസാദം പദ്ധതിയിൽ പണിയുന്ന 33–ാമത്തെ വീടാണിതെന്ന് ആനന്ദകുമാർ പറഞ്ഞു. വിഴിഞ്ഞം മരുതൂർക്കോണം ആശാരിവിളാകത്തു വീട്ടിൽ സുനിത(40), കുട്ടികളായ രേവതി(17), രാധാകൃഷ്ണൻ(14) എന്നിവരുടെ ജീവിതപ്രാരാബ്ദങ്ങളെക്കുറിച്ച് ജൂലൈ 15ലെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടറും നടൻ ജയസൂര്യയുമായി ഓഗസ്റ്റ് ഏഴിനു വീട് നിർമാണ വാഗ്ദാനവുമായി ഇവിടെ എത്തിയത്.
വീട് നിർമാണത്തിനൊപ്പം കുട്ടികളുടെ പഠനച്ചെലവും വഹിക്കാമെന്ന സായിഗ്രാമത്തിന്റെ വാഗ്ദാനവും വീട്ടുകാർക്ക് ആശ്വാസമായി. സുനിതയും കുടുംബവും താമസിച്ചിരുന്ന വീട് കനത്ത മഴയിൽ തകർന്നതിന്റെ ഞെട്ടൽ മാറുംമുൻപേ കടക്കെണിയുടെ ആഘാതം താങ്ങാനാകാതെ സുനിതയുടെ ഭർത്താവ് രാജന്റെ ആത്മഹത്യകൂടിയായതോടെ കുടുംബം തീർത്തും നിരാലംബരായി. സുനിതയുടെ ആരോഗ്യപ്രശ്നവും കുടുംബത്തെ തളർത്തി. മുന്നോട്ടുള്ള ജീവിതം വഴിമുട്ടി നിന്ന ഇവർക്ക് സമീപവാസിയായ കലയായിരുന്നു ഇത്രയും നാൾ അഭയമേകിയത്.

No comments:
Post a Comment