Friday, 16 September 2016

നരേന്ദ്ര മോദിയുടെ തീക്കളി? പാകിസ്താന്‍ നാടുകടത്തിയ ബലൂചിസ്ഥാന്‍ നേതാവിന് ഇന്ത്യന്‍ പൗരത്വം?



ദില്ലി: ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ എടുക്കുന്ന നിലപാടുകള്‍ പാകിസ്താനെ പ്രകോപിപ്പിക്കുന്നതാണെന്ന് ആക്ഷേപം നേരത്തേ ഉയരുന്നുണ്ട്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം മുതല്‍ ഇങ്ങോട്ട് ഇന്ത്യ ബലൂച് വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയാണ്.

ഇപ്പോഴിതാ സംഗതി കൂടുതല്‍ ഗുരുതരമാവുകയാണ്. നാടുകടത്തപ്പെട്ട ബലൂചിസ്ഥാന്‍ നേതാവിന് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാടുകടത്തപ്പെട്ട ബ്രഹുംദഗ് ബുഗ്ട്ടി ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്‍ഡിലാണ് ഉള്ളത്.
ഇദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് ധാരണായിട്ടുണ്ടെന്നാണ് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വിറ്റ്സര്‍ലാന്‍ഡില്‍ ബുഗ്ട്ടിയ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാപകനാണ് ബ്രഹംദുഗ് ബുഗ്ട്ടി. ഇദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് സംബന്ധിച്ച്‌ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നത്രെ. അങ്ങനെയെങ്കില്‍ ഇന്ത്യ ബലൂച് വിഷയം ഉയര്‍ത്തുന്നതിനും മുമ്ബ് തന്നെ ചില ധാരണകളില്‍ എത്തിയിരുന്നു എന്ന് കരുതേണ്ടുവരും.

സ്വിറ്റ്സര്‍ലാന്‍ഡിലുള്ള ബലൂച് നേതാക്കള്‍ക്ക് അവിടെ പൗരത്വം നല്‍കാതിരിക്കാന്‍ പാകിസ്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് അവരുടെ നീക്കം. ഇന്ത്യന്‍ പൗരത്വം ലഭിച്ചാല്‍ ലോകം മുഴുവന്‍ സഞ്ചരിച്ച്‌ ബലൂച് വിഷയം ചര്‍ച്ചയാക്കാനാണ് ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചായിരുന്നു നരേന്ദ്ര മോദി പരാമര്‍ശിച്ചത്. അതിന് ശേഷം ഓള്‍ ഇന്ത്യ റേഡിയോ ബലൂച് ഭാഷയിലുള്ള സംപ്രേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു.

No comments:

Post a Comment