Friday, 16 September 2016

കാവേരി വിഷയത്തില്‍ തമിഴ്നാട്ടില്‍ ബന്ദ്: സ്റ്റാലിനും കനിമൊഴിയും അറസ്റ്റില്‍



ചെന്നൈ• കാവേരി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഇന്നു നടത്തിയ ബന്ദിനിടെ ഡിഎംകെ നേതാക്കളായ എം.കെ.സ്റ്റാലിന്‍, കനിമൊഴി, എം‍ഡിഎംകെ നേതാവ് വൈകോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അണ്ണാശാലയല്‍ കനിമൊഴി എം.പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞു. എഗ്മൂര്‍ റയില്‍വേ സ്റ്റേഷനില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ മൂന്നുറോളം പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ തമിഴര്‍ക്കും തമിഴ്നാട് റജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കും നേരെയുണ്ടായ അതിക്രമം ഖേദകരമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

കാവേരി വിഷയത്തില്‍ പ്രതിഷേധിച്ചു തമിഴ്നാട്ടില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്.
ചെന്നൈ അടക്കം എല്ലാ നഗരങ്ങളിലും കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കുന്നു.സ്വകാര്യ സ്കൂളുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. വ്യാപാരികള്‍ നടത്തുന്ന ബന്ദിന് ഡ‍ിഎംകെ, കോണ്‍ഗ്രസ്, പാട്ടാളി മക്കള്‍ കക്ഷി, തമിഴ് മാനില കോണ്‍ഗ്രസ്, ബിജെപി, സിപിഎം, സിപിഐ പാര്‍ട്ടികളും ചലച്ചിത്ര സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് ആറുവരെയാണ് ബന്ദ്.

ഏതാനും സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയിട്ടുണ്ട്. എന്നാല്‍ റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ ബന്ദ് ബാധിച്ചിട്ടില്ല. അതേസമയം, അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് തമിഴ്നാട്ടിലേക്കുള്ള വാഹന ഗതാഗതം തടഞ്ഞു. നടന്ന് അതിര്‍ത്തി കടക്കാനാണ് പൊലീസ് യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് തമിഴ്നാട് പൊലീസ്.

No comments:

Post a Comment