Friday, 16 September 2016

അരുണാചലില്‍ മുഖ്യമന്ത്രി അടക്കം 42 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടു



മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ഏക നിയമസഭാംഗം.

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 42 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടു. 60 അംഗ സഭയില്‍ ഒരാളൊഴികെ എല്ലാവരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു.

മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ഏക നിയമസഭാംഗം. കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരും പീപ്പിള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ബി.ജെ.പിക്ക് 11 അംഗങ്ങളാണ് സഭയിലുള്ളത്.

ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ സാഹചര്യം ഒരുങ്ങുന്നത്.
വിമതര്‍ ബി.ജെ.പിയുമായി ചേര്‍ന്നതോടെയാണ് മാസങ്ങള്‍ക്ക് മുമ്ബ് നബാം തുക്കി സര്‍ക്കാരിന് ഭരണം നഷ് ടമായത്. മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിമതനായ കാലിഖോ പുള്‍ ബി.ജെ.പി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി. അന്ന് 24 എം.എല്‍.എമാരുമായി കോണ്‍ഗ്രസ് വിട്ടാണ് അദ്ദേഹം സര്‍ക്കാരുണ്ടാക്കിയത്.

സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി റദ്ദാക്കി കഴിഞ്ഞ ജൂലായിലാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചത്. ബി.ജെ.പിയുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കിയ മുഖ്യമന്ത്രി കാലിഖോ പുള്‍ സര്‍ക്കാരിനെയാണ് കോടതി അസ്ഥിരപ്പെടുത്തിയത്. കടുത്ത വിഷാദത്തിനൊടുവില്‍ കാലിഖോ പുള്‍ കഴിഞ്ഞ മാസം ഒമ്ബതിന് ആത്മഹത്യ ചെയ്തു.

പാര്‍ട്ടിയിലെ വിമതനീക്കത്തിന് തടയിടാനായിട്ടാണ് നബാം തുക്കി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ പേമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചത്. രണ്ട് മാസത്തിനിപ്പുറം പേമ ഖണ്ഡു കോണ്‍ഗ്രസിനെ അപ്പാടെ പീപ്പിള്‍ പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നതിലേക്കാണ് രാഷ്ട്രീയ മാറ്റം സംഭവിച്ചിരിക്കുന്നത്.

എന്‍.ഡി.എയുടെ ഘടകകക്ഷിയാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍.

No comments:

Post a Comment