തന്നെ വഞ്ചിച്ചിട്ട് മറ്റൊരാളെക്കൂടി പ്രണയിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു; 21 കാരി ഫാഷന്‍ ഡിസൈനറെ 22 വയസ്സുള്ള എംബിഎക്കാരന്‍ കൊലപ്പെടുത്തിയത് കാറിലിട്ട്
ജയ്പൂര്‍: തന്നെ പ്രണയിച്ച് വഞ്ചിച്ച ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയെ എംബിഎ വിദ്യാര്‍ത്ഥി കൊലപ്പെടുത്തി. രാജസ്ഥാനില്‍ നടന്ന സംഭവത്തില്‍ ജയ്പൂര്‍ വിദ്യാധറില്‍ 21 കാരി ഹര്‍ഷിതാ ഗുപ്ത എന്ന പെണ്‍കുട്ടിക്കാണ് ജീവന്‍ നഷ്ടമായത്. ഗുപ്തയെ നേരത്തേ പ്രണയിച്ചിരുന്ന 22 കാരന്‍ ജയന്ത് സോധാനിയെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ആറു മണിക്കൂറിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ യുവാവ് പോലീസ് പിടിയിലായി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. താനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി അത് അവസാനിപ്പിച്ച് മറ്റൊരാളുമായി പ്രണയം തുടങ്ങിയതാണ് കൊല്ലാനുള്ള തീരുമാനത്തില്‍ എത്തിയതെന്നും പ്രതി പറഞ്ഞതായിട്ടാണ് വിവരം.
വിദ്യാധര്‍ നഗറിലെ ഖണ്ഡേവല്‍ ടവേഴ്സിലാണ് പെണ്‍കുട്ടി താമിസിച്ചു വന്നിരുന്നത്. ബുധനാഴ്ച വൈകിട്ട് 6.30 യ്ക്ക് പുറത്തു പോയ ഹര്‍ഷിതയെ രാത്രി 9 മണിയായിട്ടും കാണാതെ വന്നതോടെ കുടുംബം പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിദ്യാധറിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തുകയും ചെയ്തു.
അന്വേഷണത്തിനിടയിലാണ് ഇതേ സ്ഥലത്ത് താമസക്കാരനായ ജയന്ത് സോധാനിയുമായി പെണ്‍കുട്ടി നേരത്തേ പ്രണയത്തിലായിരുന്നെന്ന വിവരം പോലീസിന് കിട്ടിയത്. 2016 ജൂണില്‍ ഇരുവരും വേര്‍പിരിഞ്ഞതായും കണ്ടെത്തി. ഇതിന് പിന്നാലെ ഇരുവരെയും രാത്രി 7.30 യോടെ വിദ്യാധര്‍ നഗറില്‍ ഒരു മിച്ച് കണ്ടതായി ചിലര്‍ പോലീസിനോട് പറയുകയും ചെയ്തു.
രാത്രി 11.30 യോടെ യുവാവിനെ പോലീസ് സ്റ്റേഷനില്‍ എത്തിക്കകയും ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ പോലീസ് രഹസ്യാമായി ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ വന്നു പറയുകയായിരുന്നു.
മൃതദേഹം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതിന് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ടാമത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും സംഭവിച്ചത് പോലീസിനോട് തുറന്നു പറയുകയും ചെയ്തു. കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിയും കാറിനുള്ളില്‍ രക്തത്തുള്ളികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കാറിന്റെ പിന്‍സീറ്റിലേക്ക് നിര്‍ബ്ബന്ധിച്ച് കയറ്റിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കഴുത്ത്, വയര്‍, മുഖം എന്നിവിടങ്ങളിലായി 15 ലധികം കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മരണ വെപ്രാളത്തിനിടയില്‍ പെണ്‍കുട്ടി മാന്തിയ പാടുകള്‍ യുവാവിന്റെ മുഖത്തും കൈകളിലും ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനില്‍ തന്റെ പ്രവര്‍ത്തിയില്‍ അല്‍പ്പം പോലും പശ്ചാത്താപം പ്രകടിപ്പിക്കാതിരുന്ന യുവാവ് വൈകുന്നേരമായതോടെ കുഴഞ്ഞുവീഴുകയും ചെയ്ത തെറ്റില്‍ മാപ്പപേക്ഷിക്കുകയും ചെയ്തു.
No comments:
Post a Comment