Wednesday, 14 September 2016

വഴിയോര കച്ചവടം നിയമവിധേയമാക്കുന്നു; കച്ചവടക്കാർക്കു യൂണിഫോം, ഉന്തുവണ്ടികൾക്ക് ഒരേനിറം










മലപ്പുറം ∙ വഴിയോര കച്ചവടം സംസ്ഥാനത്തു നിയമവിധേയമാക്കുന്നു. വഴിയോര കച്ചവടക്കാർക്കു യൂണിഫോം നൽകാനും ഉന്തുവണ്ടികൾക്ക് ഒരേനിറമടിക്കാനും ആലോചന. ഓരോ നഗരത്തിലും ഇത്തരം കച്ചവടം നടത്താവുന്ന പ്രദേശങ്ങൾ അടയാളപ്പെടുത്തി വഴിയോര കച്ചവട ഭൂപടവും ഉടൻ തയാറാക്കും.



സംസ്ഥാനത്താകെ അഞ്ചുലക്ഷത്തിലധികം വഴിയോര കച്ചവടക്കാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കേന്ദ്ര സർക്കാർ 2014ൽ പാസാക്കിയ വഴിയോര കച്ചവട നിയമം കേരളത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണു ചട്ടങ്ങൾ രൂപീകരിച്ചത്. നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. 



ആദ്യപടിയായി കോർപറേഷനുകളിലും നഗരസഭകളിലും നഗര കച്ചവട സമിതികൾ രൂപീകരിക്കും. ജനപ്രതിനിധികളും പൊലീസ്, പൊതുമരാമത്ത്, ആരോഗ്യ വകുപ്പ് ജീവനക്കാരും ജില്ലാ ടൗൺ പ്ലാനറും ഉൾപ്പെടുന്ന കമ്മിറ്റിയാണിത്. 


ഓരോ നഗരത്തിലെയും സ്ഥിരമായി തെരുവോര കച്ചവടം നടത്താവുന്ന സ്ഥലങ്ങൾ, ഉത്സവംപോലെയുള്ള ആഘോഷാവസരങ്ങളിൽ കച്ചവടം നടത്താവുന്ന കേന്ദ്രങ്ങൾ, കച്ചവടം പാടില്ലാത്ത നിരോധിത മേഖലകൾ എന്നിവ സമിതി തീരുമാനിക്കും. കലക്ടർ ചെയർമാനായ നിരീക്ഷണ സമിതി ഇതു പരിശോധിച്ച ശേഷം ഭൂപടം തയാറാക്കും. 


വഴിയോര കച്ചവടക്കാർക്കു ലൈസൻസ് ലഭിക്കാൻ അതതു തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷിക്കാം. അപേക്ഷകൾ കച്ചവട സമിതി പരിശോധിക്കും. നിശ്ചിത ഫീസ് ഈടാക്കി അർഹർക്കു ലൈസൻസ് നൽകും. എല്ലാവർക്കും തിരിച്ചറിയൽ കാർഡുമുണ്ടാകും. അംഗീകൃത കച്ചവടക്കാർക്കായി ക്ഷേമനിധി രൂപീകരിക്കും. 



കച്ചവടക്കാർക്കു യൂണിഫോം ഏർപ്പെടുത്തണമെന്നും ഉന്തുവണ്ടികൾക്ക് ഒരേനിറത്തിലുള്ള പെയിന്റടിക്കണമെന്നും നിർദേശമുണ്ട്. നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി 26, 27, 28 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി കോർപറേഷൻ മേയർമാർ, നഗരസഭാധ്യക്ഷർ, സെക്രട്ടറിമാർ, ആരോഗ്യസ്ഥിരസമിതി അധ്യക്ഷർ എന്നിവർക്കു ശിൽപശാല സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

No comments:

Post a Comment