Friday, 16 September 2016

ശബരിമല: ട്രാക്ടര്‍ സമരം ഒത്തുതീര്‍ന്നു; പണിമുടക്കോ സമരമോ ഉണ്ടാകില്ലെന്ന് യൂണിയന്‍ നേതാക്കളുടെ ഉറപ്പ്



പത്തനംതിട്ട• ശബരിമലയിലെ ട്രാക്ടര്‍ സമരം ഒത്തുതീര്‍ന്നു. ഇന്നു കലക്ടര്‍ ആര്‍.ഗിരിജയുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ട്രാക്ടറിലെ തൊഴിലാളികള്‍ക്കു രണ്ടു പേര്‍ക്ക് കൂടി 275 രൂപ കൂലി നല്‍കാം എന്ന ധാരണയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. രണ്ടു പേര്‍ക്കു കൂടി 300 രുപയായിരുന്നു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. 250 രൂപ നല്‍കാമെന്നായിരുന്നു കരാറുകാര്‍ പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നായിരുന്നു സമരം.

ഇന്ന് ആദ്യം യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ 280 രൂപ വേണമെന്നാണ് ഇവര്‍ ആവശ്യം ഉന്നയിച്ചത്. പിന്നീടു കരാറുകാരുമായിട്ടായിരുന്നു ചര്‍ച്ച. 270 രൂപ നല്‍കാമെന്നായി കരാറുകാര്‍. തുടര്‍ന്ന് ഇരുകൂട്ടരെയും ഒന്നിച്ചിരുത്തി ചര്‍ച്ച ചെയ്ത്, 275 രൂപ എന്നതില്‍ ധാരണയായി.

പുതുക്കിയ നിരക്കു കഴിഞ്ഞ മാസം ആറു മുതല്‍ നിലവില്‍ വരും. 2017 ജനുവരി 20 വരെ ഈ കൂലി ആയിരിക്കും. അതിനിടയില്‍ കൂലി കൂട്ടി ചോദിക്കരുത് എന്നാണു വ്യവസ്ഥ. 21 ഇന പൂജാ സാധനങ്ങളുടെ കയറ്റിറക്കിനു തൊഴിലാളികള്‍ക്ക് അവകാശമില്ല. വഴിപാടിന് ആവശ്യമായ ശര്‍ക്കര, അരി എന്നിവയിലും തൊഴിലാളികള്‍ അവകാശമുന്നയിക്കില്ല. ഡോളി സര്‍വീസിലും ഇടപെടില്ല.

തൊഴിലാളികള്‍ക്കെല്ലാം പൊലീസ് തൊഴില്‍ കാര്‍ഡ് നല്‍കും. പണിമുടക്കോ സമരമോ സീസണ്‍ കാലയളവിലുണ്ടാവില്ലെന്നു യൂണിയന്‍ നേതാക്കള്‍ ഉറപ്പു നല്‍കി. അന്യസംസ്ഥാന തീര്‍ഥാടകരടക്കം ഏറെ പേര്‍ എത്തുന്ന ശബരിമലയിലെ പെരുമാറ്റം സംബന്ധിച്ചു തൊഴിലാളികള്‍ക്കു ബോധവല്‍ക്കരണം നല്‍കുമെന്നു യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

രാജു ഏബ്രഹാം എംഎല്‍എ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, എഡിഎം സജീവ്, ജില്ലാ ലേബര്‍ ഓഫസര്‍ ആര്‍.ഗോപകുമാര്‍ എന്നിവരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, എസ്.ഹരിദാസ്, എം.വി.വിദ്യാധരന്‍, ഇ.സതീഷ് കുമാര്‍, അങ്ങാടിക്കല്‍ വിജയകുമാര്‍, വി.എന്‍.സുധാകരന്‍, പി.ജി.ഹരികുമാര്‍, ഓള്‍ കേരള ശ്രീ അയ്യപ്പ ട്രാക്ടര്‍ ഓണേഴ്സ് ആന്‍ഡ് ഡ്രോവേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ - മുതുകുളം ശശികുമാര്‍, രതീഷ് കുമാര്‍ സജിത് ജോയി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ദേവസ്വം ഡപ്യൂട്ടി കമ്മിഷണര്‍ പത്മകുമാര്‍ യോഗത്തില്‍ പങ്കെടുത്തെങ്കിലും യോഗ തീരുമാനം വരും മുന്‍പ് ഇറങ്ങിപ്പോയി. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

No comments:

Post a Comment