രാജസ്ഥാൻ ചീഫ്സെക്രട്ടറിക്കെതിരെ ഭാര്യയുടെ മാനഭംഗ പരാതി
ജയ്പുർ ∙ രാജസ്ഥാൻ ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണ സ്വന്തം മകളെ മാനഭംഗപ്പെടുത്തിയതായി പരാതി. രണ്ടുവർഷമായി മീണയുമായി പിരിഞ്ഞു താമസിക്കുന്ന ഭാര്യ ഗീത സിങ്ദേവാണ് ആരോപണമുന്നയിച്ചത്. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫിസറാണ് ഗീത. രണ്ടു പതിറ്റാണ്ടോളം മുൻപു നടന്ന സംഭവം ഇതുവരെ വെളിപ്പെടുത്താതിരുന്നത് സാമൂഹിക കാരണങ്ങളാലാണെന്നും അവർ പറയുന്നു.
ഇപ്പോൾ ലണ്ടനിൽ ഉപരിപഠനം നടത്തുന്ന മുപ്പതുവയസ്സിലേറെ പ്രായമുള്ള മകൾക്ക് 13 വയസ്സുള്ളപ്പോഴാണ് ഭർത്താവ് ഈ ഹീനകൃത്യത്തിനു മുതിർന്നതെന്നു ഗീത ആരോപിക്കുന്നു. ഇതുസംബന്ധിച്ചു മകൾ കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതിക്കു രേഖാമൂലം മൊഴി നൽകിയിട്ടുണ്ടെന്നും അഭിഭാഷകരുമായി ആലോചിച്ച് താൻ മകൾക്കുവേണ്ടി പ്രത്യേക പരാതി നൽകുമെന്നും ഗീത അറിയിച്ചു.
ഗാർഹിക പീഡനം ഉൾപ്പെടെയുള്ളവ ആരോപിച്ച് ഗീതയും മകളും നേരത്തേ നൽകിയ കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മീണ ക്രൂരത കാട്ടുകയും ആക്രമിക്കുകയും ചെയ്തെന്നാണ് ഗീതയുടെ പരാതി. ജീവനാംശം ലഭിക്കണമെന്നാണ് മകൾ ആവശ്യപ്പെടുന്നത്. ഭർത്താവിന്റെ സ്വാധീനം മൂലം പൊലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്ന് ആരോപിക്കുന്ന ഭാര്യ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവരങ്ങൾ ധരിപ്പിക്കാൻ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ പ്രതികരണം ലഭ്യമായില്ല.

No comments:
Post a Comment