Friday, 16 September 2016

ക്രൈംബ്രാഞ്ച് തലപ്പത്ത് ആളില്ല; പല കേസുകളിലും അന്വേഷണം വഴിമുട്ടി



തിരുവനന്തപുരം• സംസ്ഥാനത്തെ സുപ്രധാന കുറ്റാന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ച് തലപ്പത്ത് ആളില്ല. സുപ്രധാനമായ പല കേസുകളിലും അന്വേഷണം വഴിമുട്ടി. ക്രൈം എഡിജിപിയായിരുന്ന ആര്‍.ആനന്ത കൃഷ്ണനെ കഴിഞ്ഞമാസമാണു ഗതാഗത കമ്മിഷണറാക്കി മാറ്റിയത്. പ്രധാന കുറ്റാന്വേഷണ ഏജന്‍സിയായതുകൊണ്ടു തന്നെ പകരം ആളെ നിയമിച്ചുകൊണ്ട് നിലവിലെ ചുമതലക്കാരനെ മാറ്റുകയാണു കീഴ്വഴക്കം. എന്നാല്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് ക്രൈംബ്രാഞ്ചിന്റെ താല്‍ക്കാലികമായ ചുമതല നല്‍കിയാണ് എഡിജിപി ആര്‍.ആനന്ദ കൃഷ്ണനെ ഗതാഗത കമ്മിഷണറാക്കിയത്.

കേരള സര്‍വകലാശാല നിയമന ക്രമക്കേട്, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, കതിരൂര്‍ മനോജ് വധക്കേസ്, നിരവധി സാമ്ബത്തിക ക്രമക്കേടുകള്‍, മണി ചെയിന്‍ തട്ടിപ്പ് അടക്കം നൂറോളം കേസുകള്‍ നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
ഇതില്‍ തന്നെ സര്‍വകലാശാല നിയമന ക്രമക്കേടില്‍ നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ കോടതി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ നിരവധി തെളിവുകള്‍ ക്രൈംബ്രാഞ്ച് ഇതിനോടകം ശേഖരിച്ചും കഴിഞ്ഞു.

റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കാര്യക്ഷമമായ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കേണ്ടതും എഡിജിപിയാണ്. തലവന്റെ ധാര്‍മിക പിന്തുണയാണു പലപ്പോഴും തീരുമാനമെടുക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനു തുണയാകുന്നതും. പ്രവര്‍ത്തനം താളം തെറ്റുന്നെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നു കഴിഞ്ഞയാഴ്ച ചുമതലയുള്ള ഐജി പ്രത്യേക യോഗം വിളിക്കുകയും ചെയ്തിരുന്നു. തീരുമാനമെടുക്കാന്‍ കഴിയാത്തതുകൊണ്ടു തന്നെ ക്രൈബ്രാഞ്ച് ആസ്ഥാനത്തു വിവിധ കേസുകളുമായി ബന്ധപ്പെട്ടു നിരവധി ഫയലുകളാണു കെട്ടികിടക്കുന്നത്. ഒന്‍പതു വര്‍ഷക്കാലം ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ബി.സന്ധ്യയുടെ പേര് എഡിജിപി സ്ഥാനത്തേക്കു കേട്ടിരുന്നെങ്കിലും പിന്നീടു തീരുമാനം മാറ്റുകയായിരുന്നു.

No comments:

Post a Comment