Wednesday, 14 September 2016

ഇറാഖിൽ പിഴച്ച ബ്ലെയറെപ്പോലെ ലിബിയൻ യുദ്ധത്തിന്റെ പേരിൽ കാമറണും പ്രതിക്കൂട്ടിലാകുന്നു


ലണ്ടൻ∙ ഇറാഖ് യുദ്ധത്തിന്റെ പേരിൽ പ്രതിക്കൂട്ടിലായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെപ്പോലെ ലിബിയൻ യുദ്ധത്തിന്റെ പേരിൽ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണും പ്രതിക്കൂട്ടിലാകുന്നു. രാഷ്ട്രീയം വിട്ട്, പാർലമെന്റ് അംഗത്വവും രാജിവച്ചു പുതിയൊരു ജീവിതം ലക്ഷ്യമിടുന്നതിനിടെയാണു കാമറണിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന പാർലമെന്ററി സമിതിയുടെ റിപ്പോർട്ടു പുറത്തുവന്നിരിക്കുന്നത്. 

ലിബിയൻ നേതാവ് കേണൽ ഗദ്ദാഫിയെ അധികാരത്തിൽനിന്നും പുറത്താക്കാൻ 2011ൽ ബ്രിട്ടൻ ഫ്രാൻസുമായി ചേർന്നു നടത്തിയ വ്യോമാക്രമണങ്ങൾ വ്യക്തമായ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ലെന്നും വടക്കൻ ആഫ്രിക്കയിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വളർച്ചയ്ക്ക് ഇതു വഴിവച്ചെന്നുമാണു വിദേശകാര്യ സമിതിയുടെ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്. 

ആവശ്യമായ നയതന്ത്ര ഒരുക്കങ്ങൾ നടത്താതെയും വ്യക്തമായ പദ്ധതികൾ ആവിഷ്കരിക്കാതെയുമായിരുന്നു ഫ്രാൻസുമായി ചേർന്നുള്ള വ്യോമാക്രമണം ആരംഭിച്ചത്. അറബ് ലീഗും യുഎൻ രക്ഷാസമിതിയും ആവശ്യപ്പെട്ടപ്രകാരമായിരുന്നു ആക്രമണമെങ്കിലും മേഖലയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനേ ഇതിനു കഴിഞ്ഞുള്ളൂ. 

ലിബിയൻ വിമതന്മാരുടെ ശക്തികേന്ദ്രമായിരുന്ന ബംഗാസി ആക്രമിക്കാൻ കേണൽ ഗദ്ദാഫി പദ്ധതിയിട്ടതിനു തൊട്ടു പിന്നാലെയായിരുന്നു ബ്രിട്ടനും ഫ്രാൻസും മറ്റു സഖ്യകക്ഷികളും സംയുക്തമായി ട്രിപ്പൊളിയിൽ ആക്രമണം നടത്തിയത്. ഇതു ഗദ്ദാഫിയെ അട്ടിമറിക്കാൻ വിമതർക്ക് എളപ്പമാർഗം ഒരുക്കി. വിമത സർക്കാർ അധികാരത്തിലെത്തിയതോട ഇവരിൽ നല്ലൊരു ശതമാനം തീവ്രവാദത്തിലേക്കു തിരിയുകയും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ജനനത്തിനു വളം വയ്ക്കുകയും ചെയ്തതായി റിപ്പോർട്ടു ചൂണ്ടിക്കാട്ടുന്നു. 

യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ തീരുമാനം ഉണ്ടായിരുന്നെങ്കിലും ലിബിയൻ പ്രശ്നത്തിൽ ഉചിതമായ തീരുമാനം എടുക്കുന്നതിൽ വരുത്തിയ വീഴ്ചയുടെ മുഖ്യ ഉത്തരവാദി പ്രധാനമന്ത്രി ഡേവിഡ് കാമറൺ ആയിരുന്നുവെന്നു റിപ്പോർട്ട് പറയുന്നു. ലിബിയയിലെ വിമതരുടെ പ്രവർത്തന രീതികളെക്കുറിച്ചും അവരുടെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ചും വ്യക്തമായ പഠനം നടത്താതെയായിരുന്നു അവർക്കു സഹായകമായ നടപടികൾ ആരംഭിച്ചത്. തെറ്റായ ചില ധാരണകളുടെയും അപൂർണമായ ചില തെളിവുകളുടെയും അടിസ്ഥാനത്തിലാണു സൈനിക നടപടിക്കുള്ള തീരുമാനം കൈക്കൊണ്ടത്. ഗദ്ദാഫിക്കു ശേഷമുള്ള ലിബിയെ രൂപപ്പെടുത്തുന്നതിനു സഹായകമായ പദ്ധതികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും സമിതി റിപ്പോർട്ട് വിമർശിക്കുന്നു. 

രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും വരും ദിവസങ്ങളിൽ കാമറണിന്റെ ഉറക്കം കെടുത്തുന്ന കണ്ടെത്തലുകളാണു സമിതി നടത്തിയിരിക്കുന്നത്. അധികാരം വിട്ടൊഴിഞ്ഞു പത്തുവർഷത്തിനുശേഷം ഉറാഖ് യുദ്ധത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽനിന്നു കണ്ണീരൊഴുക്കിയ ടോണി ബ്ലെയറെപ്പോലെ ലിബിയൻ യുദ്ധത്തിന്റെ പേരിൽ ഒരു നാൾ കാമറണും തലതാഴ്ത്തി നിൽക്കേണ്ടിവന്നേക്കുമെന്നാണു പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

No comments:

Post a Comment