റിയോ: പരിശീലനത്തിനായി കൂടുതല്‍ പണം ചെലവഴിച്ചവരുടേത് മോശം പ്രകടനം; കണക്ക് പുറത്ത്
ന്യൂഡല്‍ഹി • പരിശീലനത്തിനായി കൂടുതല്‍ പണം ചെലവഴിച്ചവര്‍ റിയോ ഒളിംപിക്സില്‍ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചതെന്ന് കേന്ദ്ര കായികമന്ത്രാലയം. 15 ലക്ഷം രൂപ മാത്രം മുടക്കിയ സാക്ഷി മാലിക്കും 45 ലക്ഷം രൂപ ചെലവഴിച്ച പി.വി. സിന്ധുവും മാത്രമാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. ഇന്ത്യന്‍ വനിതാ റിലേ ടീമിന്‍റെ പരിശീലനത്തിന് മാത്രം ചെലവഴിച്ചത് മൂന്നു കോടി രൂപയാണ്.
റിയോ ഒളിംപിക്സില്‍ പങ്കെടുത്ത 117 കായികതാരങ്ങളുടെ പരിശീലനത്തിനായി ആകെ 36.85 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്. ഏറ്റവും അധികം തുക ചെലവഴിച്ചത് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിങ് ടീമിനായാണ്. 15.39 കോടി രൂപ. തൊട്ടുപിന്നില്‍ മെഡല്‍ നേടാന്‍ ഒരു സാധ്യതയും ഇല്ലാതിരുന്ന അത്‍ലറ്റിക്സ് ടീമിനാണ്: 7.80 കോടിരൂപ.
ഇതില്‍ വനിതാ റിലേ ടീമിനായി മുടക്കിയത് മൂന്ന് കോടി രൂപയാണ്. എം. ആര്‍ പൂവമ്മ 92.43 ലക്ഷം, അശ്വനി അകുഞ്ജി 53.59 ലക്ഷം, അനില്‍ഡ തോമസ് 39 ലക്ഷം, ടിന്‍റു ലൂക്ക 23.45 ലക്ഷം എന്നിങ്ങനെയാണ് പരിശീലനത്തിനായി ചെലവഴിച്ചത്. മൂന്ന് ലക്ഷം രൂപ കായികതാരങ്ങള്‍ക്ക് പോക്കറ്റ് മണിയായും നല്‍കി. ഒളിംപിക്സ് യോഗ്യതനേടാനായി നടത്തിയ പ്രകടനം പോലും ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന റിലേ ടീം ഹീറ്റ്സില്‍ ഏഴാം സ്ഥാനത്താണ് എത്തിയത്.
ഫൈനലില്‍ എങ്കിലും എത്തും എന്നു കരുതിയിരുന്ന ഡിസ്കസ് താരം വികാസ് ഗൗഡയ്ക്കായി ചെലവഴിച്ചത് ഒരു കോടിരൂപക്ക് മുകളില്‍. മറ്റു കായികതാരങ്ങളുടെ പരിശീലനത്തിനായി സര്‍ക്കാര്‍ ചെലവഴിച്ച തുക ഇങ്ങനെ: ബാഡ്മിന്‍റണ്‍ 3.84 കോടി, ഗുസ്തി 2.5 കോടി, ഹോക്കി 1.16 കോടി, ടെന്നീസ് 1.92 കോടി, ആര്‍ച്ചറി 1.27 കോടി. ചരിത്രം സൃഷ്ടിച്ച് ജിംനാസ്റ്റിക്സില്‍ ഫൈനലില്‍ എത്തിയ ദിപ കര്‍മ്മാക്കര്‍ക്ക് 12.98 ലക്ഷം. ടിഒപി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി തുക അനുവദിച്ചത്.
No comments:
Post a Comment