Sunday, 11 September 2016

ആകാശ ഊഞ്ഞാല്‍ അപകടം: ആറു പേര്‍ അറസ്റ്റില്‍



അപകടത്തില്‍ അഞ്ച് വയസുകാരന്‍ മരിക്കുകയും സഹോദരിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട: ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് നടത്തിയ മേളയിലുണ്ടായ ആകാശ ഊഞ്ഞാല്‍ അപകടവുമായി ബന്ധപ്പെട്ട് ആറു പേര്‍ അറസ്റ്റിലായി. നടത്തിപ്പുകാരനായ ഷെമീര്‍, ഭാര്യ റംല, ഇവരുടെ ജീവനക്കാരായ മുഹമ്മദ് അബ്ദു, രമേശ്, പ്രഭു, ദിനേശന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടാം പ്രതി റഷീദ് ഒളിവിലാണ്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അപകടത്തില്‍ അഞ്ച് വയസുകാരന്‍ മരിക്കുകയും സഹോദരിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏഴാം തിയതി രാത്രി എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്.




ചിറ്റാര്‍ കുളത്തിങ്കല്‍ സജിയുടെ മകന്‍ അലന്‍ കെ.സജി(5) യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അലന്റെ സഹോദരി പ്രിയങ്ക(14) തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

അപകടത്തെത്തുടര്‍ന്ന് സംഘാടകര്‍ ഒളിവിലായിരുന്നു.

അതേസമയം ആവശ്യമായ സുരക്ഷാക്രമീകരണങ്ങളൊരുക്കാതെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച്‌ നാല് ദിവസത്തോളം മേള തുടര്‍ന്നിട്ടും സര്‍ക്കാര്‍ വകുപ്പുകളൊന്നും പരിശോധന നടത്താതിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

മേള നടത്തിപ്പുകാര്‍ അനധികൃതമായാണ് പരിപാടിക്കാവശ്യമായ വൈദ്യുതി സംവിധാനം പോലും ഒരുക്കിയിരുന്നത്. സംഘാടകരില്‍ ചിലര്‍ വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനായി കക്കാട് ഇലക്‌ട്രിക്കല്‍ സെക്ഷന്‍ അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ അനുമതി വാങ്ങി, ആവശ്യമായ മറ്റ് ക്രമീകരണങ്ങളും ഒരുക്കിയാല്‍ മാത്രമേ വൈദ്യുതി നല്‍കാനാകൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതോടെ ഈ ശ്രമം ഉപേക്ഷിച്ച സംഘാടകര്‍ യന്ത്രസഹായത്തോടെ വൈദ്യുതി സംവിധാനം ഒരുക്കുകയാണുണ്ടായത്. ഇതും നിയമവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആവശ്യമായ അളവില്‍ വൈദ്യുതിയില്ലാതെയാണ് റൈഡുകള്‍ പലതും പ്രവര്‍ത്തിപ്പിച്ചിരുന്നത്. മാനുവലായി കൂടി ഇത് തുടര്‍ന്നത് മിക്കപ്പോഴും പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. അപകടസമയം ആകാശവീലിന്റെ നിയന്ത്രണം ഇത്തരത്തില്‍ പാളിയിരുന്നതായും പറയുന്നു.

ഇക്കഴിഞ്ഞ 4നാണ് മേള തുടങ്ങിയത്. ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ മാത്രമാണ് ഗുരുതരമായ സുരക്ഷാവീഴ്ചയില്‍ മേള നടന്നുവന്നിരുന്നത്. മേളയ്ക്ക് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ലെന്നും ആവശ്യമായ അനുമതികള്‍ വാങ്ങിയിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

No comments:

Post a Comment