കശ്മീർ: മൂന്ന് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തകർത്തു; നാലു ഭീകരരെ വധിച്ചു
ശ്രീനഗർ ∙ കശ്മീരിൽ സംഘർഷവും ഏറ്റുമുട്ടലും തുടരുന്നു. നിയന്ത്രണരേഖയിൽ ഇന്നലെ മൂന്നു നുഴഞ്ഞുകയറ്റശ്രമങ്ങൾ സൈന്യം തകർത്തു, നാലു ഭീകരരെ വധിച്ചു. പൂഞ്ചിൽ ഇരട്ട ഏറ്റുമുട്ടലിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. ഇതേസമയം, ജമ്മുവിലെ സാംബയിൽ സംശയകരമായ സാഹചര്യത്തിൽ മൂന്നുപേരെ അതിർത്തിരക്ഷാസേന പിടികൂടി.
നിയന്ത്രണരേഖയിൽ നൗഗം, താങ്ധർ, ഗുരേസ് മേഖലകളിലാണു നുഴഞ്ഞുകയറ്റ നീക്കങ്ങൾ സൈന്യം വിഫലമാക്കിയത്. നൗഗമിൽ നിയന്ത്രണരേഖ കടക്കാൻ ശ്രമിച്ച ഭീകരർ വെടിവച്ചപ്പോൾ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിലാണു നാലുപേർ കൊല്ലപ്പെട്ടത്. താങ്ധർ, ഗുരേസ് മേഖലകളിൽ പരസ്പരം വെടിവയ്പുണ്ടായെങ്കിലും ആൾനാശമില്ല.
പൂഞ്ച് പട്ടണത്തിൽ പണിതുകൊണ്ടിരുന്ന മിനി സെക്രട്ടേറിയറ്റിനു സമീപം ഇന്നലെ രാവിലെ ഏഴരയോടെ നാലു ഭീകരർ രണ്ടു സ്ഥലങ്ങളിൽനിന്നു സൈനികത്താവളത്തിനുനേരെ വെടിവയ്ക്കുകയായിരുന്നു. പൊലീസ് ഇവരെ നേരിടുന്നതിനിടയിലാണു പൊലീസുകാരനായ ആർ.കുമാർ കൊല്ലപ്പെട്ടത്. മൻസൂർ ഹുസൈൻ എന്ന മറ്റൊരു പൊലീസ് ഓഫിസർക്കും നാട്ടുകാരനും പരുക്കേറ്റു. സാംബയിൽ പിടിയിലായവർ ബിഹാർ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ളവരാണെന്നു വ്യക്തമായതിനെത്തുടർന്നു പൊലീസിനു കൈമാറി. ഇതേസമയം, ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാസേനയ്ക്കുനേരെ നാലിടത്തു പ്രതിഷേധക്കാർ കല്ലേറു നടത്തി.
ഇവരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകവും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചു. തുടർച്ചയായ 65–ാം ദിവസവും താഴ്‌വരയിൽ അശാന്തി തുടരുകയാണ്. ശ്രീനഗറിലെ മൂന്നു പൊലീസ് സ്റ്റേഷൻ അതിർത്തികൾക്കുള്ളിൽ നിശാനിയമത്തിനു സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിഘടനവാദികൾ കടകൾ അടയ്ക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നതുകൊണ്ടു കമ്പോളങ്ങളും പെട്രോൾ പമ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
വൈകുന്നേരം അൽപസമയം ഇളവു നൽകുമ്പോഴാണ് ആളുകൾ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നത്. ഈ മാസം 16 വരെ പ്രക്ഷോഭം തുടരാനാണു വിഘടനവാദികളുടെ ആഹ്വാനം. ഹിസ്ബുൽ മുജാഹിദീൻ നേതാവ് ബുർഹാൻ വാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്നു ജൂലൈ എട്ടിനാരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 75 പേർ കൊല്ലപ്പെട്ടു. സിആർപിഎഫ് ഭടന്മാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്കു പരുക്കേറ്റു.
ആഭ്യന്തരമന്ത്രി അവലോകനം ചെയ്തു
ന്യൂഡൽഹി ∙ കശ്മീരിൽ അസ്വസ്ഥതകൾ തുടരുന്നതിനിടെ, സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഒരു മണിക്കൂർ നീണ്ട യോഗത്തിൽ പങ്കെടുത്തു. താഴ്‍വരയിലെ ഇപ്പോഴത്തെ അവസ്ഥ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

No comments:
Post a Comment