Sunday, 11 September 2016


കാവേരി: കർണാടകയുടെ ഹർജി ഇന്നു സുപ്രീം കോടതിയിൽ


ബെംഗളൂരു ∙ കാവേരീനദീജല പ്രശ്നത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് അഭ്യർഥിച്ചുള്ള കർണാടകയുടെ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. തമിഴ്നാടിന് അധികജലം വിട്ടുകൊടുക്കണമെന്ന ഇടക്കാല ഉത്തരവിനെതിരെ കർണാടക സമർപ്പിച്ച പുതുക്കൽ ഹർജിയാണ് ഇന്നു രാവിലെ പരിഗണിക്കുക. 

പത്തു ദിവസത്തേക്കു 15,000 ക്യുസെക്സ് വീതം ജലം അടിയന്തരമായി വിട്ടുകൊടുക്കാൻ ഈ മാസം അഞ്ചിനു സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കർണാടക ശനിയാഴ്ച വൈകിട്ടു പുതുക്കൽ ഹർജി സമർപ്പിച്ചത്.

കെആർഎസ് ഉൾപ്പെടെ കാവേരിയിലെ നാലു സംഭരണികളിലും ജലനിരപ്പു വളരെ കുറവായതിനാൽ തമിഴ്നാടിനു നൽകിവരുന്ന ജലത്തിന്റെ അളവ് പതിനയ്യായിരത്തിൽനിന്ന് 1000 ക്യുസെക്സ് ആയി കുറയ്ക്കണമെന്നാണു ഹർജിയിലെ പ്രധാന ആവശ്യം. കാവേരീനദിയിൽനിന്ന് ഓരോ സംസ്ഥാനത്തിനും നൽകേണ്ട ജലത്തിന്റെ അളവു സംബന്ധിച്ചു തീരുമാനമെടുക്കുന്നതിന് ഇന്നു ചേരുന്ന കാവേരി മേൽനോട്ട സമിതിയിലും കർണാടക തങ്ങളുടെ സാഹചര്യം വ്യക്തമാക്കും.

No comments:

Post a Comment