കാവേരി: ഇന്ത്യയുടെ സിലിക്കൺ വാലിക്ക് നഷ്ടം 25,000 കോടി
ബെംഗളൂരു ∙ കാവേരി സംഘർഷത്തെ തുടർന്നു രണ്ടു ദിവസം പ്രവർത്തനം സ്തംഭിച്ചതോടെ ഇന്ത്യയുടെ ഐടി തലസ്ഥാനത്തിനു നഷ്ടം 22,000 – 25,000 കോടി രൂപ. അസോഷ്യേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) യുടെ പ്രാഥമിക വിലയിരുത്തലാണിത്.
പ്രമുഖ ഐടി കമ്പനികളായ ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, ഗ്ലോബൽ ഔട്ട്സോഴ്സിങ് കമ്പനി ആക്സെഞ്ച്വർ, ഇ–കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെയെല്ലാം പ്രവർത്തനം തടസ്സപ്പെട്ടു. പല കമ്പനികളും സുപ്രധാന പ്രോജക്ടുകൾ മുടങ്ങാതിരിക്കാൻ ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതി നൽകി. ഓർഡറുകൾ എത്തിക്കുന്നതിനു താൽക്കാലിക തടസ്സം നേരിട്ടതായി ആമസോൺ ഇന്ത്യയും ഫ്ലിപ്കാർട്ടും അറിയിച്ചു. ഡെലിവറി സ്റ്റാഫിന്റെ സുരക്ഷ കണക്കിലെടുത്തു നിർത്തിവച്ച പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്നും ഉപഭോക്താക്കൾക്കു സന്ദേശം നൽകിയതായും ഇരുകമ്പനികളും അറിയിച്ചു.
ബെംഗളൂരുവിൽ ഐടി മേഖലയിൽ മാത്രം ഏകദേശം 500 സ്ഥാപനങ്ങളുണ്ട്. ഒട്ടേറെ മൾട്ടി നാഷനൽ കമ്പനികളുടെ ബാക് ഓഫിസും പ്രവർത്തിക്കുന്നു. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നീ സ്ഥാപനങ്ങളിൽ മാത്രമായി ജീവനക്കാർ 70,000. മൾട്ടിനാഷനൽ കമ്പനികളായ സാംസങ് ഇലക്ട്രോണിക്സ്, ഓറക്കിൾ തുടങ്ങിയവയുടെയും ഓല പോലുള്ള സ്ഥാപനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. സ്റ്റാർട്ടപ്പുകളെയും സംഘർഷം ബാധിച്ചു. അക്രമം പൊട്ടിപ്പുറപ്പെട്ട തിങ്കളാഴ്ച നേരത്തേ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നതിനു പുറമെ ഇന്നലെയും പ്രവർത്തിക്കാൻ കഴിയാതിരുന്നതാണു തിരിച്ചടിയായത്.
ഇന്നലത്തെ അവധിക്കു പകരമായി 17നു ശനി പ്രവൃത്തിദിവസമായിരിക്കുമെന്ന് വിപ്രോ അറിയിച്ചു. കാവേരി സംഘർഷത്തിനു പുറമെ ഈ മാസം നടന്ന പൊതുപണിമുടക്ക് ഉൾപ്പെടെ നാലു ദിവസമാണു വിപണിക്കു നഷ്ടമായത്. ഐടി, ഇ–കൊമേഴ്സ്, ഔട്ട്സോഴ്സിങ് സ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, വൻകിട മാർക്കറ്റുകൾ, മാളുകൾ, സിനിമാ തിയറ്ററുകൾ, റസ്റ്ററന്റുകൾ എന്നിവയെല്ലാം ഇന്നലെയും അടഞ്ഞുകിടന്നു. ഗതാഗത സംവിധാനങ്ങൾ പൂർണമായി തടസ്സപ്പെട്ടതും ചരക്കുനീക്കം നിലച്ചതും പ്രതിസന്ധി സൃഷ്ടിച്ചു. ആഭ്യന്തര ടൂറിസത്തെയും സംഘർഷം ബാധിച്ചു.
രണ്ടു ദിവസങ്ങളിലായി ബെംഗളൂരുവിലേക്കുള്ള പല വിമാനങ്ങളിലും ടിക്കറ്റുകൾ വ്യാപകമായി റദ്ദാക്കപ്പെട്ടു. തുടർച്ചയായ സംഘർഷവും ഗതാഗത തടസ്സവും കമ്പനികൾ അടച്ചിടേണ്ട സ്ഥിതിയും സിലിക്കൺ വാലിയെന്ന ബെംഗളൂരുവിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചതായി അസോചം സെക്രട്ടറി ജനറൽ ഡി.എസ്.റാവത്ത് പറഞ്ഞു. പ്രശ്നപരിഹാരത്തിനു കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:
Post a Comment