Tuesday, 6 September 2016

പാകിസ്താനെ മറികടന്ന് ഇന്ത്യയ്ക്ക് ഒന്നാം റാങ്കിലെത്താം.. പകരം വീട്ടാന്‍ സുവര്‍ണാവസരം!



ദുബായ്: പാകിസ്താനെ മറികടന്ന് ഇന്ത്യയ്ക്ക് ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സുവര്‍ണാവസരം. ന്യൂസിലന്‍ഡിനെതിരെ ഈ മാസം 22ന് തുടങ്ങുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്ബര ജയിച്ചാല്‍ ഇന്ത്യ പാകിസ്താനെ മറികടന്ന് ഒന്നാം റാങ്കിലെത്തും. നിലവിലുള്ള ഒന്നാം റാങ്കുകാരായ പാകിസ്താന് 111 റേറ്റിങ് പോയിന്റുകളാണ് ഉള്ളത്, ഇന്ത്യയ്ക്ക് 110ഉം.


1 - 0 ന് പരമ്ബര ജയിച്ചാല്‍ ഇന്ത്യയ്ക്കും പാകിസ്താനും ഒരേ പോയിന്റാകുമെങ്കിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഐ സി സി വെബ്സൈറ്റ് പറയുന്നു.2- 0 നാണ് ഇന്ത്യ പരമ്ബര ജയിക്കുന്നതെങ്കില്‍ ഇന്ത്യയ്ക്ക് 113 പോയിന്റാകും. പരമ്ബര 3 -0 ന് തൂത്തുവാരിയാല്‍ 115 പോയിന്റ് വരെ എത്താന്‍ ഇന്ത്യയ്ക്ക് കഴിയും. സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്ബര.

ഒക്ടോബര്‍ 13നാണ് പാകിസ്താന്‍ അടുത്തതായി ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസിന് എതിരെയാണ് ഇത്. ഈ പരമ്ബര ജയിച്ച്‌ ഒന്നാം റാങ്ക് തിരിച്ചുപിടിക്കാന്‍ പാകിസ്താനും അവസരം കിട്ടും. ഇന്ത്യ 1 -0 ന് ജയിച്ച്‌ 111 പോയിന്റിലാണ് എത്തുന്നതെങ്കില്‍ പാകിസ്താന് 3 - 0 ന് പരമ്ബര തൂത്തുവാരി ഒന്നാം റാങ്കിലെത്താം. അതേസമയം ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ പരമ്ബര തൂത്തുവാരിയാല്‍ പാകിസ്താന് ഒന്നാം റാങ്കിലെത്താന്‍ തല്‍ക്കാലം പറ്റില്ല.

ഇംഗ്ലണ്ടിനെതിരായ പരമ്ബര ജയത്തോടെയാണ് പാകിസ്താന്‍ ഒന്നാം റാങ്കിലെത്തിയത്. ഇന്ത്യയെ മറികടന്ന് ഒന്നാം റാങ്കിലെത്തിയത് പാകിസ്താന്‍ ആരാധകര്‍ വളരെയധികം ആഘോഷിച്ചിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ചിത്രത്തെ ഫോട്ടോഷോപ്പ് ചെയ്ത് അപമാനിച്ചായിരുന്നു പാക് ആരാധകരുടെ ആഘോഷം. ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്താണെങ്കിലും പാകിസ്താന്‍ ഏകദിന റാങ്കിംഗില്‍ ഒമ്ബതാം സ്ഥാനത്താണ്.

No comments:

Post a Comment