ബോംബ് പൊട്ടിയപ്പോള്‍ പ്രതിക്കൂട്ടില്‍ പാര്‍ട്ടി; പ്രതികളെ ഉടന്‍ പിടികൂടി ഊഹാപോഹം നിര്‍ത്തിക്കണം എന്ന് ഡിജിപിയോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റിയുടെ താല്‍ക്കാലിക ഓഫീസിനു നേരേ ചൊവ്വാഴ്ച അര്‍ധരാത്രി നടന്ന ബോംബേറിലെ പ്രതികളെ ഉടന്‍ പിടികൂടണം എന്ന് ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ക്രമസമാധാന അന്തരീക്ഷം മോശമാക്കാന്‍ ഉദ്ദേശിച്ചു നടന്ന നീക്കമാണ് സംഭവമെന്നും പിണറായി ചൂണ്ടിക്കാട്ടിയതായി അറിയുന്നു.
ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ ബിജെപിയുടെ പ്രധാന നേതാക്കളെയാണ് ഉന്നംവച്ചതെന്നും ആരോപണം ഉയര്‍ന്നത് അതീവഗൗരവത്തിലാണ് സിപിഎമ്മും മുഖ്യമന്ത്രിയും കാണുന്നത്. അതേ ഗൗരവം പോലീസിനും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഡിജിപി ലോക്നാഥ് ബഹ്റയെ അറിയിച്ചുവെന്നാണു വിവരം.
ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ പ്രകടനത്തില്‍ സിപിഎമ്മിനെതിരേയാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. മാത്രമല്ല കുമ്മനം ഉള്‍പ്പെടെ ബിജെപിയുടെ നേതാക്കളെല്ലാം ഒരേ സ്വരത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ചാനല്‍ ചര്‍ച്ചകളിലും പുറത്തും സംസാരിക്കുകയും ചെയ്തു. ഇതിനൊക്കെ പുറമേയാണ് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ സിപിഎമ്മിനെ ഈ സംഭവവുമായി ബന്ധപ്പെടുത്തി ഡല്‍ഹിയില്‍ പ്രതികരിച്ചത്. ഇതെല്ലാംകൂടി ഉണ്ടാക്കിയിരിക്കുന്ന സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ചൊവ്വാഴ്ച രാത്രി വൈകി ആക്രമണം നടന്ന പിന്നാലെതന്നെ പോലീസ് സ്ഥലത്തെത്തുകയും ബുധനാഴ്ച ഉന്നത പോലീസ് ഉദ്യോഗസഥര്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. അവര്‍ പിന്നീട് യോഗം ചേര്‍ന്ന് അന്വേഷണ രീതി തീരുമാനിക്കുകയും സാധ്യതകള്‍ വിലയിരുത്തുകയും ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജ്ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുന്നത്. ഊഹാപോഹങ്ങളും വെറും ആരോപണങ്ങളും പ്രചരിപ്പിച്ച് ബോംബാക്രമണ സംഭവത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപി ശ്രമിക്കുന്നത് സിപിഎം നേതൃത്വം അതീവ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്.
ബുധനാഴ്ച പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താ സമ്മേളനം നടത്തി
ബിജെപിയുടെ ആരോപണം നിഷേധിച്ചിരുന്നു. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുമെന്ന് അറിയുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം പോലീസ് പ്രതികളെ പിടികൂടിയ ശേഷമേ ഉണ്ടാകാന്‍ ഇടയുള്ളൂ. സംഭവത്തിനു ശേഷം മുഖ്യമന്ത്രി കുമ്മനത്തെ ഫോണില്‍ വിളിച്ച് വിവരം അന്വേഷിച്ചില്ല എന്ന് ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ചുമതല പടക്കം പൊട്ടുന്നിടത്ത് പോകലല്ല, പോലീസിനെക്കൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികള്‍ പിടിയിലാകുന്നു എന്ന് ഉറപ്പുവരുത്തലാണെന്ന് ഇതിനോട് സിപിഎം നേതാവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പി എം മനോജ് പ്രതികരിക്കുകയും ചെയ്തു. ഇതുതന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് മനസിലാകുന്നത്.
No comments:
Post a Comment