ശബരിമല വനമേഖലയിലെ
ആദിവാസി കുടുംബങ്ങൾക്ക്
റേഷൻ മുടങ്ങിയിട്ട് രണ്ട് മാസം
ശബരിമല വനമേഖലയിലെ ആദിവാസി കുടുംബങ്ങൾക്ക് റേഷൻ മുടങ്ങിയിട്ട് രണ്ട് മാസം. ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇവർക്ക് ഓണക്കിറ്റും ലഭ്യമാക്കുന്നതിനുള്ള നടപടിയുമില്ല. വനവിഭവങ്ങൾക്ക് ക്ഷാമം നേരിടുന്നതിനാൽ ഈ ഓണക്കാലത്ത് ഊരുകൾ പട്ടിണിയിലാകും. വർഷം തോറും വിതരണം ചെയ്യുന്ന ഓണക്കിറ്റ് ഇത്തവണ ആദിവാസികൾക്ക് ലഭിച്ചില്ലെന്നറിഞ്ഞാണ് ഞങ്ങൾ ഊരുകളിലെത്തിയത്. ഓണക്കിറ്റ് പോയിട്ട് രണ്ട് മാസമായി ഇവർക്ക് റേഷൻ പോലും ലഭിക്കുന്നില്ലെന്ന് മനസിലായി. ഉദ്യോഗസ്ഥർ നേരിട്ടെത്തിച്ചിരുന്ന റേഷനാണ് അകാരണമായി മുടങ്ങിയത്. രണ്ട് മാസത്തിലധികമായി റേഷൻ കിട്ടുന്നില്ല. മുൻകാലങ്ങളിൽ 20 ദിവസം മുൻപെങ്കിലും ഓണക്കിറ്റ് കിട്ടാറുണ്ടായിരുന്നു. ഇത് തിരക്കാൻ ഒരു ഉദ്യോഗസ്ഥനും ഈ വഴി വന്നിട്ടില്ല. കാട്ടിൽ പോയിട്ട് കാര്യമില്ലാത്തതിനാൽ വളരെ ദുരിതത്തിലാണ് ജീവിതം. ളാഹയിലും മണ്ണാറപ്പാറയിലും ഉൾപ്പെടെ മുന്നൂറിലധികം ആദിവാസി കുടുംബങ്ങൾക്കാണ് റേഷനും ഓണക്കിറ്റും കിട്ടാതെ വന്നത്. ആദിവാസികളുൾപ്പെടെ ജില്ലയിൽ 2100 കുടുംബങ്ങൾക്ക് ഇത്തവണ ഓണക്കിറ്റ് വിതരണം ചെയ്യേണ്ടതാണ്. എന്നാൽ അർഹരുടെ പട്ടിക ട്രൈബൽ വകുപ്പ് സിവിൽ സപ്ലൈസിന് കൈമാറാത്തതാണ് കാലതാമസത്തിന്റെ കാരണം. ഓണക്കിറ്റ് കിട്ടിയില്ലെങ്കിലും മുടങ്ങിയ റേഷനെങ്കിലും നൽകണമെന്നാണ് ഇവരുടെ ആവശ്യം.

No comments:
Post a Comment