അഞ്ചാം ആണവ പരീക്ഷണം വിജയമെന്ന് ഉത്തരകൊറിയ
പ്യോങ്യാങ്: ആണവ പരീക്ഷണം നടത്തിയെന്ന് സമ്മതിച്ച് ഉത്തര കൊറിയ. ഇന്നു നടത്തിയ അഞ്ചാം ആണവ പരീക്ഷണം വിജയമാണെന്ന് ഉത്തര കൊറിയ ഔദ്യോഗിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഏറ്റവും നൂതനമായ അണ്വായുധ ശേഖരത്തിന്റെ പരീക്ഷണമാണ് നടന്നതെന്നും ബാലസ്റ്റിക് റോക്കറ്റുകളില്‍ ഉപയോഗിക്കാന്‍ ശേഷിയുള്ള ആണവ ഉപകരണമാണ് ലഭിച്ചിരിക്കുന്നതെന്നും ഉത്തര കൊറിയ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ 5.3 തീവ്രതയുള്ള ഭൂചലനം ഉത്തര കൊറിയയില്‍ അനുഭവപ്പെട്ടിരുന്നു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിനു സമീപം അനുഭവപ്പെട്ട ശക്തമായ ഭൂചലനം പുതിയ പരീക്ഷണത്തിന്റെ ഭാഗമാണെന്ന് നേരത്തെ ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു.
ഉത്തര കൊറിയയുടെ നടപടിയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂണ്‍ഹെ അപലപിച്ചു. സ്വയം നാശത്തിനായി സാഹസികനായ ഭരണാധികാരിയുടെ അതിമോഹമാണ് ഇവിടെ കാണുന്നതെന്നും പാര്‍ക് പറഞ്ഞു. രാജ്യാന്തര സമൂഹത്തിന് വലിയ ഭീഷണിയാണ് ഉത്തര കൊറിയയുടെ നടപടി. കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശത്തിലായിരുന്ന പ്രസിഡന്റ് പര്യടനം റദ്ദാക്കി രാജ്യത്തേക്ക് മടങ്ങി.
ഉത്തര കൊറിയയുടെ നടപടിയെ ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും അപലപിച്ചു. പരീക്ഷണത്തിന് തൊട്ടുപിന്നാലെ യു.എസ് പ്രസിഡന്റ് ബാരക് ഒബാമ പാര്‍ക്കിനേയും ആബെയേയും ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
ജനുവരിക്കു ശേഷം നടത്തുന്ന രണ്ടാമത്തെ ശക്തിയേറിയ പരീക്ഷണമാണ് ഇന്നത്തേത്. പത്ത് കിലോ ടണ്‍ ശേഷിയുള്ള ആണവ വിസ്ഫോടനമാണ് നടന്നതെന്ന് സൂചനയുണ്ട്. 1945ല്‍ ഹിരോഹിമയില്‍ നടന്നത് 15 കിലോ ടണ്‍ ശേഷിയുള്ള സ്ഫോടനമായിരുന്നു.
No comments:
Post a Comment