Tuesday, 6 September 2016

എസ് പി കൈമാറിയ പരാതി അന്വേഷിച്ചതിന്റെ പേരില്‍ മലയാലപ്പുഴ എസ്‌ഐയെ സിപിഎമ്മുകാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി വിരട്ടി; വിവരമറിഞ്ഞ് എത്തിയ സിഐ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തു; ഇതോടെ സിഐക്കുനേരെ പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗത്തിന്റെ ഭീഷണിയും



പത്തനംതിട്ട: കല്യാണത്തിന് വിളിച്ച ബസ്സുകള്‍ കൃത്യമായി അയക്കാതിരുന്ന ഉടമയ്ക്കെതിരെ എസ്പിക്ക് ലഭിച്ച പരാതി അന്വേഷിച്ചതിനെ ചോദ്യംചെയ്ത് മലയാലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി സിപിഐ(എം) പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം. വിവരമറിഞ്ഞെത്തിയ സിഐ എസ്‌ഐക്കെതിരെ അസഭ്യവര്‍ഷംചൊരിയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനും സ്റ്റേഷനില്‍ കയറി അതിക്രമം കാട്ടിയതിനും കേസെടുത്തതോടെ അദ്ദേഹത്തെ വിരട്ടാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നേതാവുമെത്തി.




ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ മലയാലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയെന്നോണം രാത്രിയിലാണ് സിപിഐ-എം സംസ്ഥാന നേതാവ് സിഐയെ വിളിച്ച്‌ വിരട്ടിയത്.

വിവാഹത്തിന് അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസുകള്‍ യഥാസമയം എത്താതിരുന്നതിന്റെ പേരില്‍ ലഭിച്ച പരാതി അനേ്വഷിക്കാന്‍ ഡ്രൈവറെ മലയാലപ്പുഴ എസ്‌ഐ സദാശിവന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്റെ പേരിലായിരുന്നു സഖാക്കളുടെ അഴിഞ്ഞാട്ടമെന്നാണ് ആരോപണം.

അരമണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ ഇവര്‍ എസ്‌ഐ വിരട്ടിയും അസഭ്യവര്‍ഷം നടത്തിയും അഴിഞ്ഞാടി. ഞായറാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തിന് വടശേരിക്കരയിലുള്ള ഒരു ടൂറിസ്റ്റ് ബസുടമയുടെ അഞ്ചു ബസുകള്‍ ബുക്ക് ചെയ്തിരുന്നു. ഇതില്‍ വലിയ രണ്ടു ബസുകള്‍ വന്നു. ശേഷിച്ചത് മിനിബസുകള്‍ ആണ് അയച്ചത്. ഇതു കാരണം ക്ഷണിക്കപ്പെട്ട നൂറോളം പേര്‍ക്ക് വിവാഹത്തിന് പോകാന്‍ കഴിഞ്ഞില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി വരന്റെ കുടുംബാംഗങ്ങള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതേപ്പറ്റി അനേ്വഷിച്ച്‌ പരിഹരിക്കുന്നതിന് പരാതി എസ്‌ഐക്ക് കൈമാറി. പരാതിയിലുണ്ടായിരുന്ന ഫോണ്‍ നമ്ബരിലേക്ക് വിളിച്ച്‌ എസ്‌ഐ സദാശിവന്‍ അയാളോട് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ബസിന്റെ ഡ്രൈവര്‍മാരില്‍ ഒരാളുടേതായിരുന്നു നമ്ബര്‍. ഡ്രൈവറും സുഹൃത്തും കൂടി സ്റ്റേഷനില്‍ എത്തുകയും തങ്ങളല്ല, ബസുടമയാണ് കുറ്റക്കാരന്‍ എന്ന് പറയുകയും ചെയ്തു.

എസ്‌ഐ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ ഡ്രൈവറുടെ സുഹൃത്ത് ബസുടമയെ വിളിച്ചു കൊണ്ടിരിക്കുമ്ബോള്‍ പതിനഞ്ചോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇവര്‍ എസ്‌ഐക്ക് നേരെ ഭീഷണി മുഴക്കി. ഞങ്ങളുടെ ആള്‍ക്കാരെ മാത്രമേ നിങ്ങള്‍ പിടിക്കുകയുള്ളോ, കാണിച്ചു തരാം, ഒരുത്തനെയും വച്ചു പൊറുപ്പിക്കില്ല എന്നൊക്കെയായിരുന്നു ഭീഷണിയെന്നും ഇതിനിടെ ഒരാള്‍ എസ്.ഐയെ തൊഴിക്കാനും ചെകിട്ടത്ത് അടിക്കാനും ശ്രമിച്ചുവെങ്കിലും ഒഴിഞ്ഞു മാറിയതിനാല്‍ എസ്.ഐക്ക് അടികിട്ടിയില്ലെന്നും പൊലീസുകാര്‍ പറയുന്നു. മദ്യലഹരിയിലായിരുന്നു ഡിവൈഎഫ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടമെന്നും ഈ സമയം സ്റ്റേഷനില്‍ മൂന്നു പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും എസ്‌ഐ പറയുന്നു.

വിവരമറിഞ്ഞ് പത്തനംതിട്ട സിഐ എ.എസ്.സുരേഷ്കുമാര്‍ സ്റ്റേഷനില്‍ എത്തി. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ മൊഴിയെടുത്ത് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസ് എടുത്തു. ഇതു രണ്ടാം തവണയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നത്.ഒരാഴ്ച മുന്‍പ് ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതിന്റെ പേരില്‍ കേസ് എടുത്ത എസ്.ഐയെ സ്റ്റേഷനില്‍ കയറി ഡിവൈഎഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ജില്ലാ പൊലീസ്മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. ഈ വിവരം മനസിലാക്കിയ പ്രവര്‍ത്തകര്‍ നേരെ സിപിഐ(എം) ജില്ലാ കമ്മറ്റി ഓഫീസിലെത്തി മുതിര്‍ന്ന നേതാക്കളെ വിവരം അറിയിച്ചു. പൊലീസിന്റെ ധിക്കാരപരമായ നടപടിക്ക് എതിരേ പ്രവര്‍ത്തകര്‍ തങ്ങളുടെ വികാരം അറിയിച്ചു.

ഇതു കേട്ട സംസ്ഥാന കമ്മറ്റിയംഗം ആര്‍. ഉണ്ണികൃഷ്ണപിള്ള് സിഐയെ വിളിച്ച്‌ വിരട്ടിയെന്നാണ് ഇപ്പോള്‍ പരാതി ഉയരുന്നത്. എസ്പിയുടെ വാക്ക് കേട്ട് തങ്ങളുടെ പ്രവര്‍ത്തകരെ പിടിച്ച്‌ അകത്തിടാമെന്നാണ് കരുതുന്നതെങ്കില്‍ വച്ചു പൊറുപ്പിക്കില്ലെന്നായിരുന്നു വിരട്ടല്‍. പരുഷമായ ഭാഷയിലായിരുന്നു സംഭാഷണമെന്ന് സിഐ പറയുന്നു.

No comments:

Post a Comment