Wednesday, 7 September 2016

കണ്ടാല്‍ പുലിയെന്ന് പറയാവുന്ന പൂച്ച, മൂന്നടിയോളം നീളത്തില്‍ വാലുള്ള വേട്ടപ്പട്ടി, പാദം വട്ടംചുറ്റിച്ച്‌ ആള്‍ക്കാരെ ഞെട്ടിക്കുന്ന മാക്സ് വെല്‍; ഒരു ബര്‍ഗര്‍ ഒറ്റയടിക്ക് വിഴുങ്ങാന്‍ പാകത്തില്‍ വായതുറന്ന് ജര്‍മ്മന്‍കാരന്‍...; കാണുന്നവരുടെ കണ്ണുതള്ളിപ്പോകുന്ന 4000 അത്ഭുതങ്ങളുമായി പുറത്തിറങ്ങുന്ന പുതിയ ഗിന്നസ് ബുക്കിന്റെ വിശേഷങ്ങള്‍ ഇങ്ങനെ



മറുനാടന്‍ ഡെസ്ക്

ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ഓമനമൃഗമായ

ഇംഗ്ലണ്ടിലെ പൂച്ച, കാല്‍പാദങ്ങള്‍ അസാധാരണമാംവിധം വട്ടംചുറ്റിക്കാന്‍ കഴിയുന്ന മാക്സ് വെല്‍,ഏറ്റവും നീളംകൂടിയ വാലുള്ള ബെല്‍ജിയത്തിലെ ശ്വാനവീരന്‍, കത്തുന്ന ശരീരവുമായി ഓസ്ട്രേലിയക്കാരന്‍ ജോസഫ് ടോട്ലിങ്....

ഇത്തരത്തില്‍ അത്ഭുതകരവും അസാധാരണവും ഞെട്ടിപ്പിക്കുന്നതുമായ നാലായിരത്തോളം പുതിയ സംഭവങ്ങള്‍ 2017ലെ ഗിന്നസബുക്കില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുന്നു.

ഇന്നിങ്ങുന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് 2017ലെ വിവരങ്ങള്‍ എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ളെന്‍ഡെയാണ് പുറത്തുവിട്ടത്.
നിരവധി ഇന്ത്യക്കാരും പുതിയ ഗിന്നസ് ബുക്കില്‍ ഇടംകണ്ടെത്തിയിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.


എല്ലാ മേഖലകളിലേയും പ്രകടനങ്ങള്‍ ഇക്കുറി പരിഗണിച്ചിട്ടുണ്ട്. ബഹിരാകാശ യാത്രമുതല്‍ മൃഗലോകത്തെ അത്ഭുതങ്ങള്‍വരെ ഇടംപിടിച്ച ഗിന്നസ് ബുക്ക് ഇന്ന് 20 പൗണ്ട് വിലയിട്ടാണ് വില്‍പനയ്ക്കെത്തുന്നത്.

ഏറ്റവും ഉയരംകുറഞ്ഞ നായകനെന്ന വിശേഷണത്തോടെ നമ്മുടെ സ്വന്തം ഗിന്നസ് പക്രു ഉള്‍പ്പെടെ ഇടംപിടിച്ചിട്ടുള്ള ഗിന്നസ് ബുക്കില്‍ ഇക്കുറി എത്ര ഇന്ത്യക്കാര്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന് താമസിയാതെ അറിയാനാകും.

ബ്രിട്ടനിലെ യോര്‍ക് ഷെയറില്‍ നിന്നുള്ള ലൂഡോയാണ് ഓമനമൃഗങ്ങളുടെ കൂട്ടത്തില്‍വച്ച്‌ ഏറ്റവും നീളമുള്ള പൂച്ചയായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നടി 10.6 ഇഞ്ചാണ് ലൂഡോയുടെ നീളം. ഇംഗഌണ്ടിലെ വെസ്റ്റ് യോര്‍ക് ഷെയറിലുള്ള കെല്‍സെ ഗില്ലിന്റെ ഓമനമൃഗമാണ് ലൂഡോ. ലൂഡോ വളരെ ശാന്തനാണെന്നും എന്നാല്‍ സന്ദര്‍ശകര്‍ പലരും ഇവന്റെ വലുപ്പം കണ്ട് ഭയപ്പെടാറുണ്ടെന്നുമാണ് കെല്‍സെ പറയുന്നത്.




നോര്‍ത്ത് വെയില്‍സുകാരനായ കാസ്പയെന്ന ലാമ മൃഗം മൂന്നടി പത്തിഞ്ച് ഉയരത്തിലുള്‍ ഹര്‍ഡില്‍സ് ചാടിക്കടന്ന് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. നോര്‍ത്ത് വെയില്‍സിലെ പോര്‍ത്മ ഡോഗ് സെന്ററിലുള്ള സ്യൂ വില്യംസിന്റെ ഉടമസ്ഥതയിലുള്ള ലാമയാണിത്.




നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് സ്വദേശിയായ മാക്സ് വെല്‍ ഡെ തന്റെ അസാധാരണ കഴിവുമായാണ് ഗിന്നസ് ബുക്കില്‍ കയറിപ്പറ്റുന്നത്. കാല്‍പാദങ്ങള്‍ 157 ഡിഗ്രി വരെ ചുറ്റിക്കാനുള്ള കഴിവാണ് മാക്സ് വെല്ലിനെ ലോക റെക്കോഡിന് ഉടമയാക്കിയത്. ചെറുപ്രായത്തില്‍തന്നെ താന്‍ ഇത്തരത്തില്‍ ചുറ്റിച്ചു തുടങ്ങിയെന്നും ഇപ്പോള്‍ ഏതാണ്ട് പിന്നോട്ട് തിരിക്കാവുന്ന രീതിയില്‍ പാദംവയ്ക്കാനാകുമെന്നുമാണ് മാക്സ് വെല്‍ പറയുന്നത്.




ബെല്‍ജിയത്തിലെ കിയോണെന്ന നായയാണ് ഏറ്റവും നീളമുള്ള വാലിന്റെ ഉടമ. 30.2 ഇഞ്ചാണിവന്റെ വാലിന്റെ നീളം. ബെല്‍ജിയത്തിലെ വെസ്റ്റര്‍ലോയിലെ നാല്പത്താറുകാരിയായ ഇല്‍സെ ലൂട്സിന്റെ ഓമനയാണ് കിയോണ്‍. ഐറിഷ് വേട്ടനായ ഇനത്തില്‍പ്പെട്ട ഇവന്‍ കുഞ്ഞുങ്ങള്‍ക്കൊപ്പംപോലും കളിക്കുന്നത്ര ശാന്തനാണെന്ന് ഉടമ പറയുന്നു.




ശരീരത്തില്‍ തീപിടിപ്പിച്ച്‌ കുതിരയെക്കൊണ്ട് വലിപ്പിച്ചാണ് ഓസ്ട്രിയക്കാരനായ ജോസെഫ് ടോഡ്ലിങ് ഗിന്നസ് ബുക്കില്‍ കയറിപ്പറ്റുന്നത്. ശരീരം മുഴുവന്‍ തീപടര്‍ത്തി കുതിരയെക്കൊണ്ട് വലിപ്പിച്ച്‌ 1640 അടി പിന്നിട്ടാണ് ജോസെഫ് പുതിയ റെക്കോഡിട്ടത്. നിരവധി അടുക്കുകളുള്ള വസ്ത്രവും അതിനു താഴെ കൂളിങ് ജെല്ലുമെല്ലാം ഉപയോഗിച്ചായിരുന്നു സിനിമകളില്‍ സ്റ്റണ്ട് മാന്‍ ആയ ജോസെഫിന്റെ പ്രകടനം. ഓക്സിജന്‍ ഇല്ലാതെ ശരീരം കത്തിച്ച്‌ അഞ്ചുമിനിറ്റ് 41 സെക്കന്റ് നേരം പിടിച്ചുനിന്ന് ഈ പേരിലുള്ള റെക്കോഡ് നേരത്തേ തന്നെ ജോസഫിന്റെ പേരിലുണ്ട്.




ഏറ്റവും വലിയ തീറ്റക്കാര്‍ നിരവധി പേരുണ്ടാകും. പക്ഷേ, ഏറ്റവും വലിയ വായയുടെഉടമയായി ഇക്കുറി ഗിന്നസ് ബുക്കില്‍ കയറിപ്പറ്റുന്നത് ഒരു ജര്‍മ്മന്‍കാരനാണ്. വെന്‍ഡ്ലിന്‍ജനിലുള്ള 47കാരന്‍ ബെര്‍ണ്‍ഡ് ഷ്മിത്താണ് 3.46 ഇഞ്ച് വ്യാസത്തില്‍ വായ തുറന്ന് പുതിയ റെക്കോഡിട്ടത്. ഒരു ബര്‍ഗറിനെ ഒറ്റയടിക്ക് അകത്താക്കാന്‍ പാകത്തില്‍ വായതുറക്കുന്ന ഇയാള്‍ ഏറെ പരിശീലനത്തിനു ശേഷമാണ് റെക്കോഡിലേക്ക് എത്തിയത്. മേല്‍ത്താടിക്കകത്തും കീഴ്ത്താടിക്കകത്തും ലോഹദണ്ഡുകള്‍ വച്ചായിരുന്നു പരിശീലനം.




ഐസ്ക്രീം നിറയ്ക്കുന്ന കോണില്‍ എത്ര ഐസ്ക്രീം സ്കൂപ്പുകള്‍ വയ്ക്കാനാകും. ഒന്നെന്നോ രണ്ടെന്നോ ആയിരിക്കും പലരുടേയും മറുപടി. എന്നാല്‍ 121 സ്കൂപ്പുകള്‍ ഒരു കോണില്‍ നിറച്ചാണ് ഇറ്റലിക്കാരനായ ദിമിത്രി പന്‍സീറയെന്ന അമ്ബത്തിനാലുകാരന്‍ റെക്കോഡിട്ടത്. വര്‍ഷങ്ങളായി ജര്‍മ്മനിയില്‍ ഐസ്ക്രീം ഷോപ്പ് നടത്തുന്ന ദിമിത്രിക്ക് ഇത് കുട്ടിക്കളി മാത്രം. അടുത്തകാലത്ത് ഇറ്റലിയില്‍ വെനീസില്‍ നടന്ന ഐസ്ക്രീം ഫെസ്റ്റിവലിലായിരുന്നു ദിമിത്രിയുടെ പ്രകടനം. മുമ്ബ് 109 ഐസ്ക്രീം സ്കൂപ്പുകള്‍ ഒരു കോണില്‍ നിറച്ച്‌ ദിമിത്രി മറ്റൊരു റെക്കോഡും സ്ഥാപിച്ചിരുന്നു.




നിലത്തുവീഴാതെ കാലുകൊണ്ട് തുടര്‍ച്ചായി എത്രതവണ കാലുകൊണ്ട് ഒരു മതിലിലേക്ക് പന്തടിക്കാനാകും? 28 റീബൗണ്ടുകള്‍ വരെ ചെയ്ത് ഫുട്ബോള്‍ താരമായ ലങ്കാഷയറിലെ ജോണ്‍ ഫാണ്‍വര്‍ത്ത് ഇക്കുറി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു. ഏറ്റവുമധികം നേരം ബാള്‍ നിയന്ത്രിക്കാനുള്ള കഴിവിന്റെ പേരിലും ജോണ്‍ മുമ്ബ് റെക്കോഡിട്ടിട്ടുണ്ട്.

No comments:

Post a Comment