Monday, 5 September 2016

ആരാധനാലയങ്ങൾക്കെന്ന പോലെ വിദ്യാലയങ്ങളെ സഹായിക്കണം: പിണറായി







തിരുവനന്തപുരം∙ ആരാധനാലയങ്ങൾക്കു സംഭാവനകൾ നൽകുന്നതുപോലെ ഒരിക്കലെങ്കിലും സരസ്വതീക്ഷേത്രങ്ങളായ പൊതുവിദ്യാലയങ്ങളെ സഹായിച്ചാൽ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ‍. നല്ല നിലയിലെത്തിയ പൂർവവിദ്യാർഥികൾ അവർ പഠിച്ച വിദ്യാലയങ്ങളെ സഹായിച്ചാൽ അവയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപക ദിനാഘോഷ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കലാ, കായിക, പ്രവൃത്തിപരിചയ പരിശീലനത്തിനു പ്രത്യേക സംവിധാനമൊരുക്കാൻ 14 ജില്ലകളിലെയും ഓരോ സ്കൂളിന് ഒരു കോടി രൂപ വീതം അനുവദിക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം കുറയുന്നുണ്ടോയെന്നു പരിശോധിക്കണം. കുട്ടികളുടെ വ്യക്തിപരമായ സാഹചര്യങ്ങൾ കൂടി അധ്യാപകർ മനസ്സിലാക്കണം. പ്രതികൂലസാഹചര്യങ്ങൾമൂലം കുട്ടികളുടെ പഠനനിലവാരം കുറഞ്ഞേക്കാം. അവർക്കു പ്രത്യേക ശ്രദ്ധയും പിന്തുണയും നൽകണം. ബെല്ലടിക്കാൻ കാത്തുനിൽക്കുന്നവരാകരുത് നല്ല അധ്യാപകർ. അധികസമയം കുട്ടികൾക്കു വേണ്ടി ചെലവഴിക്കണം.
വിജയശതമാനം കുറഞ്ഞ വിദ്യാലയങ്ങളിലെ അധ്യാപകർ കൂട്ടായി ശ്രമിച്ചാൽ ഫലം മെച്ചപ്പെടുത്താനാകുമെന്നു പലവട്ടം തെളിയിക്കപ്പെട്ടിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ സാമൂഹിക പിന്തുണയോടെ ഹൈടെക് ആയി വികസിപ്പിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. കുട്ടികളെ റാഞ്ചാൻ കാത്തുനിൽക്കുന്ന ലഹരിമാഫിയയെ തടയാൻ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്നും പിണറായി പറഞ്ഞു.
സംസ്ഥാന അധ്യാപക പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് ആധ്യക്ഷ്യം വഹിച്ചു. ഡോ. എ. സമ്പത്ത് എംപി, വി.എസ് ശിവകുമാർ എംഎൽഎ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.പി.എം.മുഹമ്മദ് ഹനീഷ്, ഹയർ സെക്കൻഡറി ഡയറക്ടർ എം.എസ്.ജയ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ, വിഎച്ച്എസ്ഇ ഡയറക്ടർ കെ.പി.നൗഫൽ എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment