Wednesday, 7 September 2016

യാത്രക്കാരെ പിഴിയാന്‍ ഫ്ളെക്സി സംവിധാനവുമായി റെയില്‍വേ; രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ യാത്ര നിരക്ക് അമ്ബത് ശതമാനം വരെ കൂടും



ന്യൂഡല്‍ഹി: വിമാനസര്‍വീസുകള്‍ക്ക് സീസണുകളില്‍ യാത്രാനിരക്കു പരിഷ്കരിക്കുന്നതുപോലെയുള്ള ഫ്ളെക്സി നിരക്കു സംവിധാനം ട്രെയിനുകള്‍ക്കും ഏര്‍പ്പെടുത്താന്‍ റെയില്‍വേ മന്ത്രാലയം. ആദ്യഘട്ടമെന്ന നിലയിലാണ് രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലെ നിരക്കു പരിഷ്കാരം. വെള്ളിയാഴ്ച മുതല്‍ തീരുമാനം നടപ്പാവും. ഇതിന്റെ ഭാഗമായി രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലെ യാത്രയ്ക്ക് അമ്ബതുശതമാനം വരെ ടിക്കറ്റ് നിരക്കു കൂട്ടി. തത്കാല്‍ ബുക്കിങ് ആവശ്യമുള്ളവര്‍ക്ക് അന്‍പതുശതമാനം അധികം പണം നല്‍കി ടിക്കറ്റെടുക്കാം.
ഇവരില്‍നിന്ന് തത്കാല്‍ ഫീസ് ഈടാക്കില്ല.

രാജധാനിയിലും തുരന്തോയിലും സെക്കന്‍ഡ് സ്ലീപ്പര്‍, സ്ലീപ്പര്‍, തേര്‍ഡ് എസി, ടു എസി ടിക്കറ്റുകളിലും ശതാബ്ദി ട്രെയിനുകളിലെ ചെയര്‍കാര്‍ സീറ്റിനുമാണ് ഈ നിരക്കുവര്‍ധന. ഫസ്റ്റ്ക്ളാസ് എ.സി, എക്സിക്യുട്ടീവ് ക്ളാസ് ടിക്കറ്റുനിരക്കുകളില്‍ മാറ്റമുണ്ടാവില്ല. ഈ തീവണ്ടികളില്‍ ആദ്യം ബുക്ക് ചെയ്യുന്ന പത്തുശതമാനം യാത്രക്കാര്‍ക്കു മാത്രമേ നിലവിലെ നിരക്കില്‍ യാത്ര സാധ്യമാകൂ. അതിനു ശേഷം ഓരോ പത്തുശതമാനം ടിക്കറ്റുകള്‍ ബുക്കു ചെയ്യപ്പെടുമ്ബോഴും അടിസ്ഥാന നിരക്കില്‍ പത്തുശതമാനം വര്‍ധനയുണ്ടാവും. ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ നിരക്കിനേക്കാള്‍ അമ്ബതുശതമാനം ഉയര്‍ന്ന നിരക്കു നല്‍കേണ്ടിവരും.

ടിക്കറ്റ് നിരക്കുമാത്രമാണ് മാറ്റമെന്നും റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ് തുടങ്ങിയവ പഴയപടി തുടരുമെന്നുമാണ് റെയില്‍വേ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ടിക്കറ്റ് നിരക്ക് ഉയരുന്നതോടെ ആനുപാതികമായ സേവനനികുതിയും നല്‍കേണ്ടിവരും. അതുകൊണ്ട് തന്നെ എല്ലാ നിരക്കുകളും ഫലത്തില്‍ കൂടും. ചാര്‍ട്ടു തയ്യാറാക്കുന്ന സമയത്ത് ഒഴിവുള്ള ബെര്‍ത്തുകള്‍ തത്സമയ ബുക്കിങ്ങിനായി മാറ്റിവെക്കും. ഏറ്റവുമൊടുവില്‍ എത്ര നിരക്കിലാണോ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് ആ നിരക്കാവും തത്സമയ ടിക്കറ്റുകള്‍ക്ക് ഈടാക്കുക. റിസര്‍വേഷന്‍ നിരക്കുപോലുള്ള മറ്റു നിരക്കുകള്‍ പ്രത്യേകമായും ഈടാക്കും.

തത്കാല്‍ ക്വാട്ട നിലവിലുള്ള മാര്‍ഗരേഖയനുസരിച്ച്‌ തുടരും. സെക്കന്‍ഡ് സിറ്റിങ്, സ്ലീപ്പര്‍, സെക്കന്‍ഡ് എ.സി, തേര്‍ഡ് എ.സി, ചെയര്‍കാര്‍ ടിക്കറ്റുകള്‍ക്ക് അടിസ്ഥാന നിരക്കിന്റെ ഒന്നരമടങ്ങ് തത്കാല്‍ ടിക്കറ്റുകള്‍ക്കായി നല്‍കേണ്ടിവരും. തത്കാല്‍ നിരക്ക് അധികമായി ഈടാക്കില്ല. ഈ ട്രെയിനുകളില്‍ പ്രീമിയം തത്കാല്‍ ക്വാട്ട ഉണ്ടായിരിക്കില്ല.

No comments:

Post a Comment