Tuesday, 6 September 2016

മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ പത്മകുമാറിനെ സംരക്ഷിച്ചത് പിണറായി സര്‍ക്കാരോ? നാലുകേസുകളില്‍ പ്രതിയായിട്ടും സര്‍ക്കാര്‍ വക നിയമന ഉത്തരവ്




പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ മുന്‍ എംഡി ടി.കെ പത്മകുമാറിനെ സംരക്ഷിച്ചത് ഇടതുസര്‍ക്കാരാണോ എന്നതിന് രേഖകള്‍ പുറത്തായി. വര്‍ഷങ്ങളായി അഴിമതി ആരോപണ കേസ് നില നിന്നിട്ടും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. അഴിമതി കേസുകളില്‍ പത്മകുമാറിനെ പ്രതിയായി ഉള്‍പ്പെടുത്തിയിട്ടും എംഡിയായി നിയമിച്ച ഉത്തരവ് ഓഗസ്റ്റ് ആറിന് സര്‍ക്കാര്‍ ഇറക്കി. പത്മകുമാറിനെതിരെയുള്ള അഞ്ചുകേസുകളില്‍ നാലിലും ഇയാള്‍ പ്രതിയാണ്. പത്മകുമാറിനെ സംരക്ഷിച്ചത് ഇടതു സര്‍ക്കാരെന്ന രേഖകള്‍ പുറത്തു വിട്ടത് മാതൃഭൂമി ന്യൂസാണ്.




ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും. ജൂലൈ ഒമ്ബതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് തുടര്‍ന്ന് എംഡി സ്ഥാനത്ത് നിന്നും പത്മകുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. എന്നാല്‍ കെ.പത്മകുമാറിനെ തുടരാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പൊതുമേഖല സ്ഥാപനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്ന റിയാബിന്റെ സെക്രട്ടറിയായി തുടരാന്‍ സര്‍ക്കാര്‍ പത്മകുമാറിനെ അനുവദിക്കുകയായിരുന്നു. അറസ്റ്റിനുശേഷമാണ് അദ്ദേഹത്തെ സര്‍ക്കാര്‍ സ്ഥാനത്തുനിന്നും നീക്കിയതും.

കഴിഞ്ഞ ദിവസമാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. സിമന്റ് വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതില്‍ വന്‍തുകയുടെ ക്രമക്കേട് നടന്ന കേസിലെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. നേരത്തേ ത്വരിത പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.

തലസ്ഥാനത്തായിരുന്ന പത്മകുമാര്‍ തിങ്കളാഴ്ച രാവിലെ വാളയാറിലെ ഫാക്ടറി ഓഫിസിലത്തെിയിരുന്നു. ഉച്ചയോടെ വിജിലന്‍സ് ഡിവൈ.എസ്പി എം. സുകുമാരന്‍ അറിയിച്ചതനുസരിച്ച്‌ പാലക്കാട് വിജിലന്‍സ് ഓഫിസില്‍ എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2014-15ല്‍ ക്ളിങ്കര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് എം.ഡി കെ. പത്മകുമാര്‍, മെറ്റീരിയല്‍ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. നവശിവായം, മാനേജര്‍ ഫിനാന്‍സ് ഇന്‍ ചാര്‍ജ് കെ. നരേന്ദ്രനാഥന്‍ എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളാക്കി രജിസ്റ്റര്‍ ചെയ്തതാണ് കേസുകളിലൊന്ന്.

2013-14ല്‍ സംസ്ഥാന അണ്ടര്‍ ടേക്കിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മറികടന്ന് സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ സിമന്റ് സൂക്ഷിച്ചതില്‍ 2.03 കോടിയുടെ നഷ്ടമുണ്ടായെന്നാണ് രണ്ടാമത്തെ കേസ്. എം.ഡി കെ. പത്മകുമാറിന് പുറമെ മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജര്‍ ജി. വേണുഗോപാലും ഇതില്‍ പ്രതിയാണ്. 2010 മുതല്‍ 2015 വരെ അധികവില നല്‍കി ഫൈ്ളആഷ് വാങ്ങിയതില്‍ 18.77 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായ കേസില്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി, എം.ഡി കെ. പത്മകുമാര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. സിമന്റ്സ് ഡീലര്‍ഷിപ് അനുവദിച്ചതില്‍ മൂന്ന് കോടിയോളം രൂപ സ്ഥാപനത്തിന് നഷ്ടം വന്നെന്ന കേസില്‍ കെ. പത്മകുമാറിന് പുറമെ മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജര്‍ വേണുഗോപാലും പ്രതിയാണ്.

No comments:

Post a Comment