
തിരുവനന്തപുരം/കോട്ടയം
∙ മുൻമന്ത്രി കെ.എം.മാണിക്കെതിരെ രണ്ടു കേസുകളിൽ കൂടി വിജിലൻസ് അന്വേഷണം.
കോട്ടയത്ത് വൻതുക ചെലവിട്ടു സമൂഹവിവാഹം നടത്തിയതുമായി ബന്ധപ്പെട്ട ഹർജിയിൽ
പ്രാഥമികാന്വേഷണവും കോട്ടയത്തെ വ്യവസായിക്കു നികുതി ഇളവു നൽകിയതുമായി
ബന്ധപ്പെട്ട കേസിൽ വിശദമായ അന്വേഷണവുമാണു നടത്തുക. സമൂഹവിവാഹം
സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടു പ്രാഥമികാന്വേഷണം നടത്താൻ തിരുവനന്തപുരം
വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്.2015ൽ നടത്തിയ 53 വിവാഹങ്ങൾക്കു
ചെലവിട്ട പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. വിവാഹിതരായ
ഓരോ ദമ്പതിമാർക്കും അഞ്ചു പവൻ സ്വർണവും ഒന്നരലക്ഷം രൂപയും നൽകിയിരുന്നു.
ബാറ്ററികളിൽ ഉപയോഗിക്കുന്ന ലെഡ് ഓക്സൈഡ് (ലെഡ് പൗഡർ) ഉണ്ടാക്കുന്ന
യൂണിറ്റിനു മുൻകാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്തു ഖജനാവിന് 1.66 കോടി
രൂപ നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയിൽ മാണിക്കെതിരെ എഫ്ഐആർ റജിസ്റ്റർ
ചെയ്ത് അന്വേഷണം ആരംഭിച്ചു.കുറിച്ചിയിലെ സൂപ്പർ പിഗ്‌മെന്റ്സ് ഉടമ
ബെന്നി ഏബ്രഹാമിനെ വഴിവിട്ടു സഹായിച്ചതിലൂടെ 1.66 കോടി രൂപ ഖജനാവിനു
നഷ്ടമുണ്ടായതായി വിജിലൻസ് കോട്ടയം യൂണിറ്റ് ഡിവൈഎസ്പി എസ്.അശോക്‌കുമാറിന്റെ
നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബെന്നി
ഏബ്രഹാമിനെയും കേസിൽ പ്രതിചേർത്തു. ലെഡ് പൗഡർ നിർമിക്കുന്ന യൂണിറ്റിനു 2005
വരെ നാലുശതമാനം നികുതിയാണ് ഉണ്ടായിരുന്നത്. 2005ൽ മൂല്യവർധിത നികുതി
(വാറ്റ്) വന്നശേഷം നികുതി 12.5 ശതമാനമായി ഉയർത്തി.2012–13ൽ 13.5
ശതമാനമായി വർധിപ്പിച്ചു. എന്നാൽ 2015 വരെ ബെന്നി ഏബ്രഹാം കൂട്ടിയ നികുതി
അടയ്ക്കാൻ തയാറായില്ലെന്നും 2005നു ശേഷം അഞ്ചുശതമാനം നികുതി മാത്രമാണ്
അടച്ചുവന്നതെന്നും വിജിലൻസ് പറയുന്നു. മാണി 2013–14ൽ അവതരിപ്പിച്ച ബജറ്റിൽ
സൂപ്പർ പിഗ്‌മെന്റ്സ് കമ്പനിക്ക് നികുതി മുൻകാലപ്രാബല്യത്തോടെ അഞ്ചു
ശതമാനമാക്കി കുറച്ചു. പാലാ സ്വദേശിയായ ജോർജ് സി.കാപ്പനാണു വിജിലൻസിനു
പരാതിനൽകിയത്.
No comments:
Post a Comment