മഴുവുമായെത്തിയ കള്ളന്റെ കാലില്‍ പിടിച്ച് വലിച്ച് ജീവനക്കാരനെ രക്ഷിച്ചു; അച്ഛനേയും മുത്തച്ഛനേയും അക്രമികളറിയാതെ രക്ഷപ്പെടുത്തി; കൊച്ചു സാറയുടെ ധീരതയ്ക്ക് എങ്ങും കൈയടി
ഓക്ലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ വംശജയായ ആറുവയസ്സുകാരിയുടെ ധൈര്യത്തിന് മുന്നില്‍ ലോകത്തിന്റെ പ്രണാമം. അച്ഛന്‍ സുഹൈലിന്റെ ഇലക്‌ട്രിക് കടയില്‍ അതിസാഹസികമായാണ് കള്ളന്മാരെ നേരിട്ടത്. അച്ഛനും മുത്തച്ഛനുമൊപ്പം കടയില്‍ ഇരിക്കുമ്ബോഴാണ് മുഖംമൂടിധാരികളായ ഒരു കൂട്ടം കള്ളന്മാര്‍ അപ്രതീക്ഷിതമായി കടയ്ക്കകത്ത് കടന്നത്. കടയിലെ സി.സി.ടി.വിയില്‍ എല്ലാ ദൃശ്യങ്ങളും പതിയുന്നത് കള്ളന്മാര്‍ അറിഞ്ഞതുമില്ല.
കയ്യില്‍ മഴുവും മറ്റ് ആയുധങ്ങളുമായി എത്തിയ കള്ളന്മാരില്‍ ഒരാള്‍ ജീവനക്കാരിലൊരാളെ ആക്രമിക്കാന്‍ നോക്കവെ സാറ അയാളുടെ കാലില്‍ പിടിച്ച് വലിച്ചു.
അക്രമി മഴുവുമായി തിരിയുന്നത് വരെ സാറ കള്ളനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. കടക്കുള്ളിലുണ്ടായിരുന്ന മുത്തച്ഛനേയും കള്ളന്മാരുടെ കണ്ണില്‍പ്പെടാതെ പുറത്തെത്തിച്ചതും സാറ തന്നെയാണ്. ഈ വിഡിയോ പുറം ലോകത്ത് എത്തിയതോടെയാണ് സോഷ്യല്‍ മീഡിയയിലും മറ്റും സാറ താരമായത്.
പക്ഷേ സംഭവത്തിന് ശേഷം ചെറിയൊരു പേടി സാറയെ പിടികൂടി. 'അവള്‍ ഇപ്പോഴും പേടിച്ചിരിക്കുകയാണ്', സാറയുടെ അമ്മ പറഞ്ഞു. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാറയെ തേടിയെത്തുന്ന അഭിനന്ദനങ്ങളില്‍ സാറ ഏറെ സന്തോഷിക്കുന്നുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് കള്ളന്മാര്‍ കടയില്‍ നിന്ന് മോഷ്ടിച്ചത്. കള്ളന്മാരുടെ സംഘത്തിലെ അഞ്ച് പേരെ ഇതിനകം തന്നെ പൊലീസ് അറസ്റ്റ് ചചെയ്തുകഴിഞ്ഞു. ബാക്കി ഒരാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
No comments:
Post a Comment