പേര്‍ഷ്യന്‍ കടലില്‍ അമേരിക്കയും ഇറാനും തമ്മില്‍ പോര് മുറുകുന്നു; നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയത് ഇക്കൊല്ലം 31 തവണ; അബദ്ധത്തില്‍പോലും ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ യുദ്ധത്തിനുതന്നെ വഴിവച്ചേക്കുമെന്ന് ആശങ്ക
ദുബായ്: പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ നേവിയും ഇറാന്‍ സേനയും തമ്മിലുള്ള സംഘര്‍ഷം അടുത്തിടെയായി രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഏറെക്കാലമായി അധികാരപരിധി സംഘനത്തിന്റെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുണ്ടെങ്കിലും അടുത്തിടെ ഏറ്റുമുട്ടലിന്റെ പാതയിലേക്ക് കാര്യങ്ങളെത്തുന്നത് മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍വച്ച് ഒരു ഇറാന്‍ പട്രോള്‍ ബോട്ട് അമേരിക്കന്‍ യുദ്ധക്കപ്പലില്‍ ഇടിച്ച സംഭവത്തെ ചൊല്ലിയാണ് പുതിയ തര്‍ക്കം.
പ്രദേശത്ത് അമേരിക്ക അനാവശ്യമായി സൈനികസാന്നിധ്യം വര്‍ധിപ്പിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഇറാന്‍ ആരോപിക്കുന്നു. ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തോടെയാണ് മേഖലയില്‍ യുഎസിന്റെ സൈനികസാന്നിധ്യം വര്‍ധിച്ചത്. രണ്ടാം ലോക മഹായുദ്ധകാലം മുതല്‍തന്നെ ഇവിടെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഉണ്ടെങ്കിലും അടുത്തകാലത്ത് ഇത് വളരെയേറെ വര്‍ധിച്ചിട്ടുണ്ട്.
1979ലെ ഇറാന്‍ വിപഌവത്തിനുശേഷവും 91ലെ ഗള്‍ഫ് യുദ്ധത്തിനുശേഷവുമെല്ലാം പടിപടിയായി അമേരിക്ക ഇവിടെ സേനാ സാന്നിധ്യം കൂട്ടി. 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശം ഇത് വീണ്ടും വര്‍ധിക്കാന്‍ കാരണമായി. ഇപ്പോള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ മാത്രമല്ല, മറിച്ച് ഇടുങ്ങിയ ഹോര്‍മൂസ് കടലിടുക്കില്‍പോലും അമേരിക്കന്‍ കപ്പലുകള്‍ പട്രോളിങ് നടത്തുന്നു. ഇതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. തങ്ങളുടെ മൊത്തം എണ്ണ കയറ്റുമതിയില്‍ മൂന്നിലൊന്നും വിതരണത്തിന് പോകുന്ന മേഖലയില്‍ അമേരിക്ക എന്തിന് കരുത്തുകാട്ടുന്നുവെന്നാണ് ഇറാന്റെ ചോദ്യം. ഇതാണ് ഇപ്പോള്‍ അവരെ പ്രകോപിതരാക്കുന്നതും.
ഇപ്പോള്‍ എതിര്‍പ്പ് രൂക്ഷമായതിനു പിന്നില്‍ ഇറാന് റഷ്യന്‍ പിന്തുണയുണ്ടെന്നത് സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നു. 1980ലെ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ഈ മേഖലയില്‍ ഇറാന്‍ വ്യാപകമായി കടല്‍ മൈനുകള്‍ നിക്ഷേപിച്ചിരുന്നു. ഇതോടെ നിരവധി വാണിജ്യക്കപ്പലുകള്‍ മുങ്ങുന്ന സ്ഥിതിയുമുണ്ടായി. 1988ല്‍ അമേരിക്കന്‍ യുദ്ധക്കപ്പലും മൈനില്‍ത്തട്ടി മുങ്ങുന്നതിന്റെ വക്കിലെത്തി. ഇതോടെയാണ് അമേരിക്കയും ഇറാനും തമ്മില്‍ പേര്‍ഷ്യല്‍ ഗള്‍ഫിലെ ആധിപത്യത്തിന്റെ പേരില്‍ പോരു ശക്തമാക്കുന്നത്.
അന്ന് അമേരിക്ക ഇറാന്റെ രണ്ട് ഓയില്‍ റിഗ്ഗുകള്‍ ആക്രമിക്കുകയും ആറ് ഇറാന്‍ കപ്പലുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. കുറച്ചുമാസങ്ങള്‍ക്കകം മറ്റൊരു സംഭവത്തില്‍ ഹോര്‍മൂസ് കടലിടുക്കിലുണ്ടായിരുന്ന അമേരിക്കന്‍ യുദ്ധക്കപ്പലില്‍ നിന്നുള്ള മിസൈലേറ്റ് ദുബായിലേക്കു പോയ ഇറാന്‍ എയറിന്റെ ഫ്ളൈറ്റ് തകരുകയും 290 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നായിരുന്നു അമേരിക്കന്‍ ഭാഷ്യം. അതേസമയം, ഇപ്പോള്‍ സ്ഥിതിഗതികള്‍ ഇതിലും വഷളായ സാഹചര്യത്തില്‍ ഇത്തരത്തില്‍ തെറ്റിദ്ധാരണ മൂലമുള്ള ആക്രമണങ്ങളും വെടിവയ്പുകളും ഉണ്ടാകുന്നതായും ഇത് വര്‍ദ്ധിച്ചുവരാന്‍ സാധ്യത കൂടുതലാണെന്നതും മേഖലയില്‍ സംഘര്‍ഷസാധ്യത വര്‍ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അമേരിക്കയെ പോലെ തന്നെ ഇറാനും ഒരു ആണവശക്തിയായി മാറിയതാണ് അവരെ ചൊടിപ്പിക്കുന്നതെന്നാണ് ഇറാന്‍ അധികൃതര്‍ പറയുന്നത്. ഇതിനു പിന്നാലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇരട്ട പൗരത്യമുള്ള പലരേയും ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതും അമേരിക്കയുടെ ദേഷ്യത്തിന് കാരണമായതായാണ് സൂചന.
ഇത്തരത്തില്‍ ഇരു രാജ്യങ്ങളുടെ സേനകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന്റെ വക്കുവരെ എത്തിയ 31 സംഭവങ്ങള്‍ ഈവര്‍ഷം മാത്രം ഉണ്ടായി. എതിര്‍ സേനയുടെ കപ്പല്‍ അടുത്തുകാണുമ്ബോള്‍ ആക്രമണമുണ്ടാകുമോ എന്ന സംശയങ്ങളാണ് പലപ്പോഴും ഉയരുന്നത്. ഇത്തരത്തില്‍ അബദ്ധത്തില്‍ ഒരു ഏറ്റുമുട്ടലുണ്ടായാല്‍ അത് വലിയൊരു യുദ്ധത്തിലേക്ക് മാറുമെന്ന ആശങ്കയാണ് പേര്‍ഷ്യന്‍ കടലിലേതെന്നാണ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
No comments:
Post a Comment