Wednesday, 7 September 2016

കോഴിക്കോട്ട് മൂന്ന് വര്‍ഷം കൊണ്ട് ലൈറ്റ് മെട്രോ ഓടും; തിരുവനന്തപുരത്ത് നാല് കൊല്ലം കൊണ്ടും; സര്‍ക്കാരിന് ശ്രീധരന്‍ നല്‍കിയ ഉറപ്പുകള്‍ ഇങ്ങനെ


തിരുവനന്തപുരം: കരാറില്‍ നാലു വര്‍ഷമാണെങ്കിലും 36 മാസമെന്ന റെക്കാഡ് സമയംകൊണ്ട് കോഴിക്കോട് ലൈറ്റ് മെട്രോ ഓടിക്കുമെന്ന് സര്‍ക്കാരിന് ഇ. ശ്രീധരന്റെ ഉറപ്പ്. ആദ്യം കോഴിക്കോട്ടാണ്. തൊട്ടടുത്തവര്‍ഷം തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ഓടും.

നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി കോച്ചുകളുടെ ഘടന തീരുമാനിച്ചിട്ടുണ്ട്. കരാര്‍ നല്‍കിയാല്‍ കോച്ച്‌ ലഭിക്കാന്‍ ഒമ്ബതുമാസമെടുക്കും. കേന്ദ്രാനുമതിയായ ശേഷം വാങ്ങാന്‍ കാത്തുനിന്നാല്‍ പദ്ധതി വൈകും.
അതിനാല്‍ സംസ്ഥാനത്തിന്റെ പ്രത്യേകാനുമതിയോടെ ഉടന്‍ കോച്ചുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കും. 1200 കോടിയുടേതാണ് കരാര്‍. പദ്ധതി രണ്ടുവര്‍ഷം വൈകിയാല്‍ 12 ശതമാനം ചെലവ് കൂടും. അധികച്ചെലവ് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പറഞ്ഞു.

കോഴിക്കോട് പതിനെട്ടു മാസംകൊണ്ട് പ്രാഥമിക ജോലികള്‍ പൂര്‍ത്തിയാക്കും. സ്ഥലമേറ്റെടുക്കല്‍, കേബിളുകളും വൈദ്യുതി ലൈനുകളും നീക്കംചെയ്ത് സ്ഥലമൊരുക്കല്‍ തുടങ്ങിയ പ്രാരംഭപണികള്‍ ഈ ആഴ്ച ആരംഭിക്കും. സ്റ്റേഷന്‍, ഡിപ്പോ എന്നിവയ്ക്ക് ഭൂമിയേറ്റെടുക്കലാണ് ശ്രീധരന്റെ പ്രാഥമിക കടമ്ബ. പദ്ധതിനടത്തിപ്പിനുള്ള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ഭൂമിയേറ്റെടുത്ത് ഡി.എം.ആര്‍.സിക്ക് കൈമാറും.

സ്റ്റേഷന്‍, ഡിപ്പോ, ട്രാക്ക് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി 2844.56 കോടിയുടെ സിവില്‍ ജോലി കരാറാണ് അടുത്ത ഘട്ടം. ദേശീയപാത വികസനവും കൈമാറ്റവും സംബന്ധിച്ച്‌ അധികൃതരുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്ബാനൂര്‍ മേല്‍പ്പാലങ്ങളുടെ അന്തിമരൂപരേഖ സര്‍ക്കാരിന് കൈമാറി. കഴക്കൂട്ടം കേശവദാസപുരം, മാനാഞ്ചിറ മീഞ്ചന്ത ദേശീയപാതകള്‍ വീതികൂട്ടുന്നതിന്റെ 801 കോടി ചെലവ് സര്‍ക്കാര്‍ വഹിക്കും.

തിരുവനന്തപുരംത്ത് ടെക്നോസിറ്റി മുതല്‍ കരമന (21.82കി.മി) വരെയാണ് പദ്ധതി. 4219 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്: മീഞ്ചന്ത-മെഡി. കോളേജും 13.30കി.മീറ്ററിന് 2509 കോടിയാണ് പദ്ധതി തുക.

No comments:

Post a Comment