Wednesday, 7 September 2016

അസഭ്യവര്‍ഷം നടത്തിയ ഫിലിപ്പീന്‍സ് പ്രസിഡന്റുമായി ഒബാമ സംസാരിച്ചു



ലാവോസ്:തനിക്കെതിരെ അസഭ്യം വര്‍ഷം ചൊരിഞ്ഞ ഫിലിപ്പീന്‍സ് പ്രസിഡന്റ്് റോഡ്രിഗോ ഡ്യൂട്ടേര്‍സുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആസിയാന്‍ ഉച്ചകോടിക്കിടെ സംസാരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ കൂടിക്കാഴ്ച ഔദ്യോഗികമാണോ എന്നതിനെ കുറിച്ച്‌ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

അസഭ്യ പ്രയോഗത്തെ തുടര്‍ന്ന് റോഡ്രിഗോ ഡ്യൂട്ടേര്‍സുമായുള്ള ഔദ്യോഗിക കൂട്ടിക്കാഴ്ച ഒബാമ റദ്ദാക്കിയിരുന്നു. ആസിയാന്‍ ഉച്ചകോടിക്കിടെ വിരുന്നിനായി മറ്റ് രാഷ്ട്രത്തലവന്മാരെ കാത്തിരിക്കുമ്ബോഴാണ് ഒബാമ ഫിലിപ്പിന്‍സ് പ്രസിഡന്റിനോട് അല്പ സമയം സംസാരിച്ചത്.

ആസിയാന്‍ ഉച്ചകോടിക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്ബാണ് ഡ്യൂട്ടേര്‍സ്‌അസഭ്യം പറഞ്ഞത്.
ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യ പ്രയോഗം. വൈകാതെ തന്നെ ഇത് വിവാദമാകുകയും ചെയ്തു. ഇതിന് പിന്നാലെ ഡ്യൂട്ടേര്‍ട്ടുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിക്കൊണ്ട് വൈറ്റ് ഹൗസ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

അതേസമയം സംഭവം വിവാദമായതോടെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ ഒബാമയോട് ക്ഷമാപണം അറിയിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചില പ്രത്യക ചോദ്യങ്ങളില്‍ പ്രകോപിതനായാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വ്യക്തിപരമായി അത് വേദനിപ്പിച്ചതില്‍ പ്രസിഡന്റ് ക്ഷമാപണം നടത്തുന്നതായും റോഡ്രിഗോ ഡ്യട്ടേഴ്സിന്റെ വക്താവ് വ്യക്തമാക്കിയിരുന്നു.

മെയില്‍ അധികാരത്തിലേറിയതിന് പിന്നാലെ ലഹരി മാഫിയകളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ഡ്യൂട്ടോര്‍ട് രണ്ടായിരത്തിലേറെപ്പേരെ വധിച്ചിരുന്നു. ഒബാമ തന്റെ പ്രഭാഷണത്തില്‍ ഇതിനെ സംബന്ധിച്ച്‌ പരാമര്‍ശിക്കുമെന്നുള്ള സൂചനയാണ് ഡ്യൂട്ടോര്‍ട്ടിനെ പ്രകോപിതനാക്കിയത്.

No comments:

Post a Comment