Monday, 5 September 2016

നാട്ടില്‍ അവധിക്കു വന്നപ്പോള്‍ കാറപകടത്തില്‍ മരിച്ച അമേരിക്കന്‍ മലയാളി കുരുന്നിന്റെ മൃതദേഹം അമേരിക്കയില്‍ അടക്കാന്‍ ബന്ധുക്കളുടെ തീരുമാനം; നിലയ്ക്കാത്ത ഓര്‍മ്മകളുമായി മകളുടെ അന്ത്യവിശ്രമം തങ്ങളുടെ അടുത്തുവേണമെന്ന മാതാപിതാക്കളുടെ ആഗ്രഹപ്രകാരം മൃതദേഹം ഷിക്കാഗോയിലേക്ക് കൊണ്ടുപോകും




കടുത്തുരുത്തി: അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്ന് അവധിക്കാലം ചെലവിടാന്‍ നാട്ടിലെത്തിയ കുടുംബത്തിനുണ്ടായ അപകടത്തില്‍ മരിച്ച നാലുവയസ്സുകാരിയുടെ മൃതദേഹം അമേരിക്കയില്‍ തന്നെ അടക്കം ചെയ്യാന്‍ ബന്ധുക്കളുടെ തീരുമാനം. മകളുടെ അന്ത്യനിദ്ര തങ്ങളുടെ സാമീപ്യമുള്ള ഇടത്തുതന്നെ വേണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തെ തുടര്‍ന്ന് ജെറീനയുടെ മൃതദേഹം ഷിക്കാഗോയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കൊട്ടാരക്കരയ്ക്കടുത്ത് ഇഞ്ചക്കാട്ട് അമ്ബലം ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ അമേരിക്കന്‍ മലയാളി ദമ്ബതികളായ കോട്ടയം കടുത്തുരുത്തി ഇടക്കരയില്‍ ജോമോന്‍ മാത്യുവിന്റെയും ഫില്‍സിയുടെയും മകളാണ് ജെറീന.
അപകടത്തില്‍ മാതാപിതാക്കള്‍ക്കും മറ്റു മക്കളായ ജൂഡ് ജൊഹാനോ, ഗെയ്ഡന്‍ എന്നിവര്‍ക്കും ഡ്രൈവര്‍ ജോര്‍ജിനും പരിക്കേറ്റിരുന്നു.



അച്ഛന്റെയും അമ്മയുടെയും നാടുകാണാന്‍ ആദ്യമായി എത്തിയ ജെറീനയെയും മറ്റു കുട്ടികളെയും കൂട്ടി കുടുംബം തിരുവനന്തപുരത്തേക്ക് മ്യൂസിയംകാണാന്‍ വരുമ്ബോഴാണ് ജെറീനയുടെ ജീവന്‍ പൊലിഞ്ഞ അപകടമുണ്ടായത്.

എംസി റോഡില്‍വച്ച്‌ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്ന് ജൂഡും ജെറീനയും പുറത്തേക്ക് തെറിച്ചുവീഴുകയും ജെറീന മീയണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.

ഫിസിയോതെറാപ്പിസ്റ്റായ ജോമോന്‍ മാത്യുവും നഴ്സായ ഫില്‍സിയും അമേരിക്കയില്‍ ഷിക്കാഗോയില്‍ സ്ഥിരതാമസമാണ്. നാലുവര്‍ഷങ്ങള്‍ക്കുശേഷമാണ് ജോമോനും കുടുംബവും നാട്ടിലെത്തിയത്. ജെറീന ജനിച്ചശേഷം ആദ്യമായാണ് ഇവര്‍ വീട്ടിലെത്തിയത്. മകള്‍ ആദ്യമായി നാട്ടിലെത്തിയത് ദുരിതത്തില്‍ കലാശിച്ചത് നാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി.

മകളുടെ അന്ത്യവിശ്രമം തങ്ങള്‍ സ്ഥിരതമാസമാക്കിയ അമേരിക്കയില്‍ത്തന്നെ വേണമെന്ന മാതാപിതാക്കളുടെ ആഗ്രഹ പ്രകാരമാണ് മൃതദേഹം അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

അമേരിക്കന്‍ എംബസിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാനാകൂ. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ച ആദ്യംതന്നെ മൃതദേഹം അമേരിക്കയിലെത്തിച്ചു സംസ്കാരം നടത്താനാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ബന്ധുക്കള്‍ വ്യക്തമാക്കി.

No comments:

Post a Comment