
പോത്തൻകോട്∙
നടൻ മമ്മൂട്ടിയെ താൻ ചേട്ടനെന്നാണു വിളിക്കുന്നതെന്നു മന്ത്രി രാമചന്ദ്രൻ
കടന്നപ്പള്ളി; ഇത്രയും പ്രായമുള്ള അനിയൻ തനിക്കുണ്ടെന്നു പറയുന്നത് ഏറെ
സന്തോഷമുള്ള കാര്യമെന്നു മമ്മൂട്ടി. അദ്ഭുതകരമായ കാര്യം എന്റെ മകനെയും
കടന്നപ്പള്ളി ചേട്ടനെന്നാണു വിളിക്കുന്നത് എന്നുകൂടി മമ്മൂട്ടി പറഞ്ഞതോടെ
സദസിൽ ചിരി പൊട്ടി. ശാന്തിഗിരിയിൽ മമ്മൂട്ടിക്കു നവതി പുരസ്കാരം സമ്മാനിച്ച
വേദിയിലായിരുന്നു സദസിനെ രസിപ്പിച്ച പ്രയോഗങ്ങൾ.അടുത്തിരിക്കുന്ന
ഉമ്മൻ ചാണ്ടിക്കുപോലും അസൂയ തോന്നുന്നുണ്ടാകും ഇങ്ങനെ ഒരു ചേട്ടനെ
കടന്നപ്പള്ളിക്കു കിട്ടിയതിൽ എന്നുംകൂടി പറഞ്ഞാണു മമ്മൂട്ടി നിർത്തിയത്.
വയസ്സു പുറത്തു പറയില്ലെന്നും പറഞ്ഞാൽ ജനം വിശ്വസിക്കില്ലെന്നും
അറിയിച്ചാണു മമ്മൂട്ടി തുടങ്ങിയത്. ചിങ്ങത്തിലെ വിശാഖം നാളിലാണ് എന്റെ
ജനനം. ഇനി രണ്ടുദിവസം കൂടിയുണ്ടു ജന്മദിനാഘോഷത്തിന്. ഒരേ നാട്ടിൽ
അയൽവാസികളായി അടുത്തടുത്ത ദിവസങ്ങളിലാണു കരുണാകര ഗുരുവിന്റെയും തന്റെയും
ജനനവും. എന്നാലും അക്കാലങ്ങളിൽ ഗുരുവിനെ കണ്ടതായോ കേട്ടതായോ ഓർമയില്ല.
പിൽക്കാലത്ത് ആത്മീയ ഗുരു ആയശേഷമാണ് അദ്ദേഹത്തിന്റെ മഹത്വം അറിയാൻ
കഴിഞ്ഞത്. അതിനാൽ ഈ പുരസ്കാരം ഏറെ മധുരം നിറഞ്ഞതാണ്. ഇനിയൊരിക്കലും നവതി
വരില്ലാത്തതിനാൽ ഇനി ഈ അവാർഡ് ആർക്കും അവകാശപ്പെടാൻ കഴിയില്ലെന്നും
മമ്മൂട്ടി പറഞ്ഞു.സിനിമയിലെ കഥാപാത്രങ്ങളിൽനിന്നു വിട്ടുനിന്നാൽ
താൻ സാധാരണ വ്യക്തിയാണ്. ആത്മീയതയെന്നാൽ മനുഷ്യനെ സ്നേഹിക്കുക എന്നതാവണം.
ഈശ്വരൻ സൗഭാഗ്യങ്ങൾ വാരിക്കോരി തരുമ്പോൾ തിരികെ ഈശ്വരനെ സ്നേഹിക്കുന്നതു
സമസൃഷ്ടികളെ സഹായിക്കുന്നതിലൂടെയാകണം. ഉപദേശങ്ങൾ ഏറെ നൽകിയ ഗുരുവിന്റെ
ജന്മദിനാഘോഷങ്ങൾ അധ്യാപക ദിനത്തിൽ തന്നെ വന്നത് ഉചിതമായെന്നും അദ്ദേഹം
പറഞ്ഞു.അപ്രതീക്ഷിത ജന്മദിന ആഘോഷമായിരുന്നു ശാന്തിഗിരി നടൻ
മമ്മൂട്ടിക്കു സമ്മാനിച്ചത്. പുരസ്കാരം സ്വീകരിക്കാനെത്തിയ മമ്മൂട്ടിക്കായി
വൻ ആഘോഷ പരിപാടികളാണ് ഒരുക്കിയിരുന്നത്. കേക്കു മുറിച്ചു സ്വാമി ഗുരുരത്നം
ജ്ഞാനതപസ്വിക്കും ജയസൂര്യയ്ക്കും നൽകിയാണു മമ്മൂട്ടി സന്തോഷം പങ്കുവച്ചത്.
വൻ ജനാവലി മമ്മൂട്ടിയെ വരവേൽക്കാൻ ശാന്തിഗിരിയിലെത്തിയിരുന്നു.
No comments:
Post a Comment