Monday, 5 September 2016

വിജിലൻസ് പരിശോധന: കെ.ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറിൽ നിന്ന് 120 പവൻ സ്വർണം

കൊച്ചി ∙ അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ടു മുൻ മന്ത്രി കെ.ബാബുവിന്റ ഇളയ മകളുടെ ബാങ്ക് ലോക്കർ വിജിലൻസ് പരിശോധിച്ചു. പൊന്നുരുന്നിയിലെ പഞ്ചാബ് നാഷനൽ ബാങ്കിലെ ലോക്കറാണു പരിശോധിച്ചത്. ലോക്കറിൽ 120 പവൻ സ്വർണാഭരണം കണ്ടെത്തി. വെണ്ണലയിലെ യൂണിയൻ ബാങ്കിലെ ലോക്കർ ഇന്നു പരിശോധിക്കും. മന്ത്രിയായിരിക്കേ കെ.ബാബുവിന്റെ പിഎ ആയിരുന്ന നന്ദകുമാറിനെ വിളിച്ചുവരുത്തി വിജിലൻസ് സംഘം മൊഴിയെടുത്തു. ഇയാളുടെ ഭാര്യയുടെ പേരിലുള്ള സ്ഥാപനത്തിൽ നേരത്തേ പരിശോധന നടത്തിയിരുന്നു.കെ.ബാബുവിന്റെ ബെനാമിയെന്ന് വിജിലൻസ് എഫ്ഐആറിൽ പരാമർശിക്കുന്ന മുൻ യൂത്ത് കോൺഗ്രസ് നേതാവ് ബാബുറാമിന്റെ വീട്ടിൽനിന്ന് നാൽപതിലേറെ ഭൂമിയിടപാടുകൾ നടത്തിയതിന്റെ രേഖകൾ വിജിലൻസിനു ലഭിച്ചിട്ടുണ്ട്. ബാബുറാം സ്വയം എഴുതിത്തയാറാക്കി സൂക്ഷിച്ചിരുന്ന രേഖയാണു പിടിച്ചെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ അനുബന്ധരേഖകൾ സബ് റജിസ്ട്രാർ ഓഫിസുകളിൽനിന്നു കണ്ടെടുക്കാൻ വിജിലൻസ് ശ്രമം തുടങ്ങി. മരട്, പനങ്ങാട്, തൃപ്പൂണിത്തുറ മേഖലകളിലായാണു ബാബുറാമിന്റെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെന്നാണു വിവരം. ബെനാമിയെന്നു പരാമർശിക്കുന്നുണ്ടെങ്കിലും കെ.ബാബുവിനെ ബാബുറാമിന്റെ ബിസിനസ് ഇടപാടുകളുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകൾ ഇപ്പോഴും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല.ബാബുറാമിനെയും ബാബുവിനെയും ഇതിനായി വിശദമായി ചോദ്യം ചെയ്യും. പരിശോധനയിൽ കണ്ടെടുത്ത രേഖകളും പണവും സ്വർണവും അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. വൈകിട്ട് അഞ്ചോടെയാണു വിജിലൻസ് ഡിവൈഎസ്പി കെ.ആർ.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയിൽ ഹാജരാക്കിയത്. ഇവിടെ സൂക്ഷിക്കുന്നതിനു സൗകര്യമില്ലാത്തതിനാൽ ഹാജരാക്കിയ രേഖകളും സ്വർണവും പണവും വിജിലൻസ് കസ്റ്റഡിയിൽതന്നെ വിട്ടുകൊടുത്തു. ഇന്നു രാവിലെ വീണ്ടും ഇവ കോടതിയിൽ എത്തിക്കും.കെ.ബാബുവിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത 1.80 ലക്ഷം രൂപ, ഭൂമിയുമായും കാറുകളുമായും ബന്ധപ്പെട്ട രേഖകൾ, ബാബുവിന്റെ മകളുടെ വീട്ടിൽ നിന്നു ലഭിച്ച 18 പവൻ സ്വർണം, ബാബുവിന്റെ ബെനാമിയെന്നറിയപ്പെടുന്ന റോയൽ ബേക്കറി ഉടമ മോഹനന്റെ വീട്ടിൽനിന്നു ലഭിച്ച 6.67 ലക്ഷം രൂപ, മറ്റു രേഖകൾ എന്നിവയാണു കോടതിയിൽ ഹാജരാക്കിയത്. ലോക്കറിൽ കണ്ടെത്തിയ സ്വർണം കോടതിയിൽ ഹാജരാക്കിയിട്ടില്ല. വിജിലൻസ് ഏഴു സംഘങ്ങളായി തിരിഞ്ഞു നടത്തിയ തിരച്ചിലിൽ പിടിച്ചെടുത്ത രേഖകളാണ് ഇന്നലെ ഹാജരാക്കിയത്. ഇന്നലെ ബാങ്കുകളിലും ബാബുറാമിന്റെ വീട്ടിലും നടന്ന പരിശോധനയിൽ ലഭിച്ച രേഖകളും മഹസറും ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു ഡിവൈഎസ്പി കെ.ആർ.വേണുഗോപാൽ പറഞ്ഞു.

No comments:

Post a Comment