
കഴക്കൂട്ടം
∙ പഠിപ്പിച്ച സ്കൂളിന്റെ ആദരവ് ഏറ്റുവാങ്ങവെ അധ്യാപകദിനത്തിൽ മുൻ പ്രധാന
അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. ചന്തവിള കല്ലുവിളവീട്ടിൽ സി.പങ്കജാക്ഷൻ
നായരാ(75)ണ് ആറുവർഷം പ്രധാന അധ്യാപകനായും ദീർഘകാലം അധ്യാപകനായും
സേവനമനുഷ്ഠിച്ച കണിയാപുരം മുസ്‌ലിം എച്ച്എസ്എസിലെ പൊതുവേദിയിൽ കുഴഞ്ഞുവീണു
മരിച്ചത്. ഇതേ സ്കൂളിലെ റിട്ടയേഡ് അധ്യാപികയായ ഭാര്യയും നോക്കിനിൽക്കേയാണ്
മരണം.രാവിലെ 10.30ഓടെ സ്കൂൾ മൈതാനത്തിലെ വേദിയിൽ വിദ്യാർഥികളും
അധ്യാപകരും ചേർന്ന് ഇദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന്,
പ്രസംഗത്തിനായി മൈക്കിനടുത്തെത്തിയപ്പോൾ പങ്കജാക്ഷൻ നായർക്കു
ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുകയായിരുന്നു.
ഉടൻതന്നെ കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും
മരിച്ചിരുന്നു. ഹൃദയാഘാതമാണെന്നു കരുതുന്നു. കണിയാപുരം മുസ്‌ലിം
എച്ച്എസ്എസിൽ ആറുവർഷം പ്രധാന അധ്യാപകനായും 27 വർഷം സയൻസ് അധ്യാപകനായും
സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1997ലാണ് വിരമിച്ചത്. വൻ ജനാവലിയുടെ
സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.മക്കൾ: രാജീവ് (അധ്യാപകൻ,
പോത്തൻകോട് എൽവിഎച്ച്എസ്), രാജേഷ് (യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി),
രാധിക (അധ്യാപിക, ഗവ. എൽപിഎസ്, ചേങ്കോട്ടുകോണം). മരുമക്കൾ: ബി. സുരേഷ്കുമാർ
(ഫെഡറൽ ബാങ്ക്), പ്രതിഭ, അഖില (കണിയാപുരം സഹകരണ ആശുപത്രി ജീവനക്കാരി).
No comments:
Post a Comment