Monday, 5 September 2016

ഒബാമയെ അസഭ്യം പറഞ്ഞ് 

ഫിലിപ്പീൻസ് പ്രസിഡന്റ്; 

കൂടിക്കാഴ്ച റദ്ദാക്കി



ദാവോ ∙ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേർട് അമേരിക്കൻ പ്രസിഡന്റ് ഒബാമയെ അസഭ്യം പറഞ്ഞതു വിവാദമായി. തുടർന്ന് ഇന്ന് ഡ്യൂടേർട്ടുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കി. വൈറ്റ് ഹൗസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ഒബാമയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയായിരുന്നു ഡ്യൂടേർട്ടിന്റെ പ്രസ്താവന. ഫിലിപ്പിൻസിലെ മനുഷ്യാവകാശലംഘനത്തെപ്പറ്റി ഒബാമ പ്രഭാഷണം നടത്തിയാൽ കേൾക്കാൻ തന്നെക്കിട്ടില്ല എന്നും ഡ്യൂടേർട് പറഞ്ഞു.

ലാവോസിന്റെ തലസ്ഥാനമായ വിയന്തിയയിൽ ഇന്നു നടക്കുന്ന ആസിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ തിരിക്കും മുൻപാണു ഡ്യൂടേർട് വിവാദ പ്രസ്താവന നടത്തിയത്. ഉച്ചകോടിയുടെ ഇടയിൽ ഒബാമ–ഡ്യൂടേർട് കൂടിക്കാഴ്ചയും നടക്കേണ്ടതായിരുന്നു. വിവാദ പ്രസ്താവനയെ തുടർന്ന് ഈ കൂടിക്കാഴ്ച വൈറ്റ് ഹൗസ് അധികൃതർ റദ്ദാക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

‘ഏതു ചർച്ചയാണെങ്കിലും അതു ഫലപ്രദമാകണമെന്നാണ് എന്റെ നിലപാട്. എന്റെ സംഘാംഗങ്ങളോട് അതു സാധ്യമാകുമോ എന്നു പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്’ എന്ന് ഒബാമ പറഞ്ഞത് ഇതിന്റെ ഭാഗമായാണെന്നു കരുതുന്നു. ഡ്യൂടേർട് മേയിൽ അധികാരത്തിലേറിയ ശേഷം ലഹരിമരുന്നു മാഫിയയെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി രണ്ടായിരത്തിനാനൂറോളം പേരെ വധിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി ചോദ്യമുയരാൻ സാധ്യതയുണ്ടെന്ന സൂചനയാണു ഡ്യൂടേർടിനെ പ്രകോപിതനാക്കിയത്.

No comments:

Post a Comment