സിപിഎം പിബി ഇന്ന്; മുഖ്യചർച്ച ബംഗാൾ
ന്യൂഡൽഹി ∙ സിപിഎം പൊളിറ്റ് ബ്യൂറോയുടെ ഒരു ദിവസത്തെ യോഗം ഇന്നു ചേരുന്നു. ബംഗാളിലെ സിംഗൂരിൽ ഏറ്റെടുത്ത കൃഷിഭൂമി കർഷകർക്കു തിരിച്ചുനൽകണം എന്ന സുപ്രീം കോടതി വിധി വന്നശേഷം ചേരുന്ന ആദ്യ പിബി യോഗമാണിത്. ത്രിപുരയിൽ ബിജെപിയുടെയും തൃണമൂലിന്റെയും വളർച്ച ഉയർത്തുന്ന വെല്ലുവിളിയാണു പിബിയുടെ മുന്നിലുള്ള മറ്റൊരു വിഷയം. കേരളത്തിൽ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷസ്ഥാനവും വിഎസുമായി ബന്ധപ്പെട്ട വിഷയവും ഇന്നു പിബി ചർച്ചയ്ക്കെടുത്തേക്കില്ല. വിഎസ് വിഷയം ചർച്ചയ്ക്കു വരണമെങ്കിൽ ആദ്യം പിബി കമ്മിഷൻ നടപടികൾ പൂർത്തിയാക്കണം. ആറു പേരുള്ള പിബി കമ്മിഷൻ ഈ വിഷയം ഒരുദിവസം ചർച്ചചെയ്തുവെങ്കിലും പൂർത്തിയാക്കിയില്ല. ഇന്നു പൊളിറ്റ് ബ്യൂറോ ചേരുന്നതിനു മുൻപു വേണമെങ്കിൽ കമ്മിഷൻ യോഗം ചേരാം. എന്നാൽ ഇന്നലെ ജമ്മു–കശ്മീരിലായിരുന്ന ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇതു സംബന്ധിച്ച സൂചനയൊന്നും നൽകിയിട്ടില്ല. പിബി കമ്മിഷന്റെ ചർച്ച പൂർത്തിയാക്കി റിപ്പോർട്ട് പിബിക്കു നൽകിയാലേ ചർച്ചയ്ക്കു സാധ്യതയുള്ളൂ. സിംഗൂർ വിധി സിപിഎമ്മിനു കനത്ത തിരിച്ചടിയാണ്. ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭരണകാലത്തു സിംഗൂരിലും നന്ദിഗ്രാമിലും ഭൂമി ഏറ്റെടുത്തതു സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു പരാജയത്തിനിടയാക്കിയ പ്രധാന കാരണങ്ങളിലൊന്നാണ്. എന്നാൽ പാർട്ടിയുടെ കേന്ദ്രനേതൃത്വവും ബംഗാൾ ഘടകവും ഇക്കാര്യത്തിൽ ഏകാഭിപ്രായത്തിലല്ല.
സിംഗൂരിലും നന്ദിഗ്രാമിലും ഭൂമി ഏറ്റെടുത്തതു ശരിയായ നടപടിയായിരുന്നു എന്നാണു ബംഗാൾ ഘടകത്തിന്റെ നിലപാട്. എന്നാൽ ഈ വിഷയത്തിൽ പാർട്ടിക്കു പിഴവുപറ്റി എന്നാണു കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. കർഷകർക്ക് ഇനി ഭൂമി തിരിച്ചുകൊടുക്കുക സാധ്യമല്ലെന്നു സിപിഎം നേതാക്കൾ ഇപ്പോഴും പറയുമ്പോൾ മുഴുവൻ ഭൂമിയും മടക്കിനൽകും എന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉറപ്പുനൽകുന്നു. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാട് പിബി ചർച്ചചെയ്തു തീരുമാനിക്കേണ്ടിവരും. ത്രിപുരയിൽ ഭരണത്തിലിരുന്നിട്ടും സിപിഎം ഇപ്പോൾ പ്രതിരോധത്തിലാണ്. അവിടെ ബിജെപിയും തൃണമൂൽ കോൺഗ്രസ്സും അതിവേഗം വളരുന്നു എന്നാണു പാർട്ടി വിലയിരുത്തൽ. മാത്രമല്ല, സിപിഎമ്മിനെതിരെ ഈ കക്ഷികൾ വ്യാപകമായ അക്രമം അഴിച്ചുവിടുന്നുമുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടി സ്വീകരിക്കേണ്ട അടവുനയം പൊളിറ്റ്ബ്യൂറോ ചർച്ചചെയ്തു തീരുമാനിക്കും.

No comments:
Post a Comment