അഴിമതിരാഷ്ട്രീയക്കാരെ കുടുക്കാൻ പുതിയ കെണി
തിരുവനന്തപുരം ∙ സംസ്ഥാനത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരം തേടി ആദായ നികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും വിജിലൻസ് ഡയറക്ടർ കത്തെഴുതി. രാഷ്ട്രീയക്കാർ കള്ളപ്പണം നിക്ഷേപിക്കുന്നതായി സംശയിക്കുന്ന സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ വിജിലൻസ് നേരിട്ടുള്ള പരിശോധനയും തുടങ്ങി. ഗൾഫ് രാജ്യങ്ങളിലെ അടക്കം ചിലരുടെ വിദേശത്തുള്ള പണമിടപാട് കണ്ടെത്താൻ സിബിഐയുടെ സഹായം തേടുമെന്നും വിജിലൻസ് ഉന്നതർ വ്യക്തമാക്കി.ഇതാദ്യമായാണ് അഴിമതിപ്പണം കണ്ടെത്താൻ വിജിലൻസ് കേന്ദ്ര ഏജൻസികളുടെകൂടി സഹായം തേടുന്നത്. ഇത്തരം അന്വേഷണങ്ങളിൽ ബഹുമുഖ സമീപനമാണു വിജിലൻസ് അവലംബിക്കുന്നത്. രണ്ടു മുൻ മന്ത്രിമാർക്കെതിരായ അന്വേഷണത്തിൽ ഇവരടക്കം പല രാഷ്ട്രീയക്കാരും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ ബെനാമി പേരിലും അല്ലാതെയും നിക്ഷേപം നടത്തിയതായി വിജിലൻസ് ഇന്റലിജൻസിനു വിവരം ലഭിച്ചിരുന്നു. മാത്രമല്ല, അടുത്തിടെ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ പലരുടെയും കള്ളപ്പണ നിക്ഷേപത്തിന്റെ വിവരം ലഭിച്ചിട്ടുണ്ടെന്നും വിജിലൻസിനു സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും നിക്ഷേപത്തെക്കുറിച്ചുള്ള വിവരം കൈമാറാൻ ഡയറക്ടർ ഡോ. ജേക്കബ് തോമസ് കത്തെഴുതിയത്. വിവരം ലഭിക്കേണ്ട ഏതാനും പേരുടെ പട്ടികയും വിജിലൻസ് നൽകിയതായാണു സൂചന.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഇതേ ആവശ്യത്തിനു കത്തെഴുതിയിട്ടുണ്ട്. അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കോടികളുടെ കള്ളപ്പണം പിടികൂടിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം എൻഫോഴ്സമെന്റ് വിഭാഗമാണു നടത്തുന്നത്. അതിൽ നിന്നു ലഭിച്ച വിവരമാണു ശേഖരിക്കുന്നത്. ഇപ്പോൾ അഴിമതിക്കേസിൽ ഉൾപ്പെട്ടിട്ടുള്ള രാഷ്ട്രീയക്കാരുടെ നിക്ഷേപം ഉണ്ടെന്നു കരുതുന്ന തൃപ്പൂണിത്തുറയിലെയും കോതമംഗലത്തെയും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ വിജിലൻസ് കഴിഞ്ഞ ദിവസവും ഇന്നലെയുമായി നേരിട്ടു പരിശോധന നടത്തിയിരുന്നു. മറ്റേതാനും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും പരിശോധന നടത്തും.പുറമെയാണു ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലെ ചില രാഷ്ട്രീയക്കാരുടെ ബിസിനസ് ഇടപാടുകളും പരിശോധിക്കുന്നത്. പലരുടെയും വ്യാജ ഇടപാടുകളും ബെനാമി പേരിലുള്ള ബിസിനസും ദുബായ് അടക്കമുള്ള സ്ഥലങ്ങളിൽ ഉണ്ടെന്നാണു വിജിലൻസിനു ലഭിച്ച വിവരം. അതിനാലാണ് സംശയിക്കുന്ന വ്യക്തികളുടെ വിവരം സിബിഐ മുഖേന ശേഖരിക്കാൻ ആലോചന. വമ്പൻ അഴിമതി കേസുകളിലെല്ലാം ഇനി കേന്ദ്ര ഏജൻസികളുടെ കൂടി സഹകരണം തേടാനാണു തീരുമാനം.

No comments:
Post a Comment