Wednesday, 7 September 2016

സന്യാസിയെ വിമര്‍ശിച്ച സംഗീത സംവിധായകനെ അറസ്റ്റ് ചെയ്തേക്കും



ദില്ലി: ഹരിയാണ നിയമസഭയില്‍ നഗ്നനായെത്തി പ്രസംഗിച്ച ദിംഗംബര സന്യാസി തരുണ്‍ സാഗറിനെ വിമര്‍ശിച്ച സംഭവത്തില്‍ സംഗീത സംവിധായകനും ആം ആദ്മി പ്രവര്‍ത്തകനുമായ വിശാല്‍ ദദ്ലാനിയെ അറസ്റ്റ് ചെയ്തേക്കും. അറസ്റ്റ് തടയണമെന്നുകാട്ടി വിശാല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി ഇക്കാര്യം നിരസിച്ചു.

തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദദ്ലാനിയുടെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു. അതേസമയം, ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി ബെഞ്ച് നിര്‍ദ്ദേശിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തഹ്സീന്‍ പൂനവാലയ്ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.


വിശ്വാസത്തെയും വിശ്വാസിയെയും അധിക്ഷേപിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ദദ്ലാനിക്കും തഹ്സീനുമെതിരെ അംബാല പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പുനിത് അറോറ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തരുണ്‍ സാഗറിന്റെ ആരാധകനാണെന്നു പറയുന്നയാളാണ് പരാതിക്കാരന്‍.

ദിഗംബര ജെയ്ന്‍ സന്യാസി തരുണ്‍ സാഗര്‍ ഹരിയാണ നിയമസഭയില്‍ നഗ്നനായെത്തിയതിനെതിരെയായിരുന്നു ദദ്ലാനിയുടെ പരാമര്‍ശമുണ്ടായത്. ഇവരെയൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ ഇതൊക്കെ സംഭവിക്കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. സംഭവം വിവാദമായതോടെ ദദ്ലാനി മാപ്പു പറഞ്ഞിരുന്നു. മാത്രമല്ല, രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചു.

No comments:

Post a Comment