Tuesday, 6 September 2016

കശ്മീര് സംഘര്‍ഷം പരിഹരിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടേക്കും

ന്യൂഡല്‍ഹി • സംഘര്‍ഷം തുടരുന്ന ജമ്മു കശ്മീരിലെ സമാധാന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടേക്കും. മൂന്നുവട്ടം കശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് സംഘര്‍ഷത്തില്‍ അയവുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടലിനു സാധ്യത ഏറിയത്. കശ്മീര്‍ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘത്തിന്‍റെ വിശദാംശങ്ങള്‍ രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ അറിയിച്ചു.


രണ്ടുമാസമായി കശ്മീര്‍ കത്തുകയാണ്. കശ്മീര്‍ താഴ്‍വര കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ കര്‍ഫ്യൂവിനും സംഘര്‍ഷങ്ങള്‍ക്കും അയവുവന്നിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലപേശല്‍ തന്ത്രമാക്കി മാറ്റിയ വിഘടനവാദി നേതാക്കള്‍ പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു വിളിപ്പിച്ചാല്‍ ഒരുപക്ഷേ ചര്‍ച്ചയ്ക്കു തയാറായേക്കും.
പ്രധാനമന്ത്രി കശ്മീരില്‍ നേരിട്ട് എത്തുകയോ അല്ലെങ്കില്‍ വിഘടനവാദിനേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയോ ചെയ്താല്‍ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്ന് നയതന്ത്രവിദഗ്ധര്‍ കരുതുന്നു.



ഹിസ്ബുല്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി ജൂലൈ എട്ടിനു കൊല്ലപ്പെട്ടശേഷം ആഴ്ചകളോളം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സ്ഥിതിഗതികള്‍ വഷളാക്കി. പെല്ലറ്റ് തോക്കുകള്‍ കശ്മീര്‍ ജനതയിലുണ്ടാക്കിയ മുറിവുകളും വളരെ വലുതാണ്. ഒടുവില്‍ രാഷ്ട്രീയ ഇടപെടലിനും പരിഹാരം കാണാന്‍ കഴിയാത്ത സ്ഥിതിയായി.


കശ്മീര്‍ സന്ദര്‍ശിച്ച സര്‍വകക്ഷിസംഘം ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും. നിലവിലെ സ്ഥിതിയില്‍ കശ്മീരില്‍ സമാധാനം തിരിച്ചുകൊണ്ടുവരികയെന്നത് കനത്ത വെല്ലുവിളിയാണെന്നാണു സംഘത്തിന്‍റെ വിലയിരുത്തല്‍. അനുകൂല അന്തരീക്ഷമുണ്ടാക്കാന്‍ സംഘത്തിനു കഴിഞ്ഞുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അവകാശപ്പെട്ടു.

No comments:

Post a Comment